കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ പ്രവാസി തൊഴിലാളികളുടെ പരാതികള്‍

By Web TeamFirst Published Jan 9, 2021, 2:14 PM IST
Highlights

2020 തുടക്കം മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള കണക്ക് പ്രകാരം 1030 തൊഴില്‍ സംബന്ധമായ പരാതികളാണ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മസ്‌കറ്റ്: ഇന്ന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമ്പോള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ തൊഴില്‍ സംബന്ധമായ പരാതികള്‍. എന്നാല്‍ 2019ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പരാതികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസി നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

2020 തുടക്കം മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള കണക്ക് പ്രകാരം 1030 തൊഴില്‍ സംബന്ധമായ പരാതികളാണ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019ല്‍ ഇത് 2606 ആയിരുന്നു. 2017ലും 18ലും പരാതികള്‍ മൂവായിരത്തിന് മുകളിലായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതികളില്‍ 414 എണ്ണം പരിഹരിച്ചു. 126 ഗാര്‍ഹിക തൊഴിലാളികളാണ് 2020 ഡിസംബര്‍ ഒന്നുവരെയുള്ള കാലയളവില്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുള്ളത്. കൃത്യമായി ശമ്പളം ലഭിക്കാത്തത്, തൊഴിലിടങ്ങളിലെ പീഡനം, ഭക്ഷണം, താമസസൗകര്യം, ചികിത്സ എന്നിവയിലെ അപര്യാപ്തത, പാസ്‌പോര്‍ട്ടും റെസിഡന്റ് കാര്‍ഡും സ്‌പോണ്‍സര്‍ തടഞ്ഞുവെച്ചത്, അമിതജോലിഭാരം എന്നിവയാണ് ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കിയ പരാതികളില്‍പ്പെടുന്നത്.  


 

click me!