ദുബായില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 10 സുഹൃത്തുക്കള്‍ക്കൊപ്പം

By Web TeamFirst Published Aug 12, 2020, 7:07 PM IST
Highlights

അഞ്ച് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന രാഹുല്‍ ജബല്‍ അലി ഫ്രീ സോണിലാണ് ജോലി ചെയ്യുന്നത്. സമ്മാനം ലഭിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ സമ്മാനം. 10 സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് 41കാരനായ നാഗ്‍പൂര്‍ സ്വദേശി രാഹുല്‍ സാന്‍ഗോലിനെത്തേടി ഭാഗ്യം എത്തിയത്. 10 ലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) വിജയികളായ ഇവര്‍ 11 പേര്‍ ചേര്‍ന്ന് വീതിച്ചെടുക്കും.

മില്ലേനിയം മില്യനര്‍ 336-ാം സീരിസിലെ 0226 നമ്പറിലുള്ള ടിക്കറ്റ് ജൂലൈ മാസം ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയത്. ഒരു നേപ്പാള്‍ സ്വദേശിയും പത്ത് ഇന്ത്യക്കാരും അടക്കമുള്ള സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സുഹൃദ് സംഘം പതിവായി ടിക്കറ്റെടുക്കുന്നു. ഓരോ തവണയും ഓരോരുത്തരുടെ പേരിലായിരുന്നു ടിക്കറ്റിലെടുത്തിരുന്നത്. 

അഞ്ച് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന രാഹുല്‍ ജബല്‍ അലി ഫ്രീ സോണിലാണ് ജോലി ചെയ്യുന്നത്. സമ്മാനം ലഭിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്ത് ഈ പണം വലിയൊരു സഹായമാണ്. കടം തീര്‍ക്കാനും തങ്ങളെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 166-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍.

click me!