സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ വൻ ലഹരിമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിൽ വൻ ലഹരിമരുന്ന് വേട്ട. അതിർത്തി കടത്താൻ ശ്രമിച്ച ഏകദേശം രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ലഹരിമരുന്ന് കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന തുടരുന്നതിനിടെയാണ് അസീറിലെ അൽ-റബൂഅ സെക്ടറിൽ ഈ വൻ ശേഖരം കണ്ടെത്തിയത്. രാജ്യത്ത് വിൽപനക്ക് നിയന്ത്രണമുള്ള 187,800-ലധികം മെഡിക്കൽ ലഹരിഗുളികകളും മയക്കുമരുന്നായ 9,600-ലധികം ആംഫെറ്റാമിൻ ഗുളികകളുമാണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തോ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്ന് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടു. വിവരങ്ങൾ കൈമാറാൻ ഇനി പറയുന്ന നമ്പറുകൾ ഉപയോഗിക്കാം: മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911, മറ്റ് പ്രദേശങ്ങൾ: 999. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


