
റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി, സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 11,614 ലേറെ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് 25 മുതൽ 31 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളമുള്ള സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് ക്യാമ്പെയിനിനിടെയാണ് അറസ്റ്റ് നടന്നതെന്ന് മന്ത്രാലയം അറിയിച്ചു.
6,738 ഇഖാമ നിയമ ലംഘകരും 3,618 അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,258 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 654 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 41 ശതമാനം യമനികളും 55 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 44 പേരെ സുരക്ഷാ വകുപ്പ് പിടികൂടി.
തൊഴിൽ - താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസ സൗകര്യം ഒരുക്കിയതിനും ആണ് 14 പേരെ പിടികൂടിയത്. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 28,927 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ എടുത്തുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 24,134 പേർ പുരുഷന്മാരും 4,793 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാ രേഖകൾ ശരിയാക്കുന്നതിന് 22,322 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ 6,356 നിയമ ലംഘകരെ രാജ്യത്ത് നിന്ന് നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്നവരുടെ ഗതാഗത മാർഗങ്ങളും താമസ സ്ഥലങ്ങളും കണ്ടുകെട്ടുമെന്നും ഇത്തരം നിയമലംഘനം നടത്തുന്ന വർക്ക് 15 വർഷം വരെ തടവും പരമാവധി 1 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
Read also: ഒഡിഷ ട്രെയിൻ ദുരന്തം; സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ