Missing girl found: ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

By Web TeamFirst Published Jan 20, 2022, 3:21 PM IST
Highlights

ശഹദ് അല്‍ ഗല്ലാഫ് എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 31 വയസുകാരനെ പൊലീസ് ചോദ്യം ചെയ്യുന്നു. കാണാതായ കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരുന്നു.

മനാമ: ബഹ്റൈനില്‍ (Bahrain) നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്‍ച രാവിലെയാണ് ഇസാ ടൌണിലെ (Isa Town ) കെയ്‍റോ റോഡില്‍ നിന്ന് ശഹദ് അല്‍ ഗല്ലാഫ് (Shahad Al Ghallaf) എന്ന ബഹ്റൈനി പെണ്‍കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്.

ബുദൈയ ഹൈവേയില്‍വെച്ച് കുട്ടിയെ കണ്ട രണ്ട് സ്വദേശികളാണ് കുട്ടിയെ ബുദൈയ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് സതേണ്‍ പൊലീസ് ഡയറക്ടറേറ്റ് പ്രസ്‍താവനയില്‍ അറിയിച്ചു. കുട്ടിക്ക് അഭയം നല്‍കിയ 31 വയസുകാരനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കുട്ടി സ്വന്തം താത്പര്യപ്രകാരം വീട്ടില്‍ നിന്ന് പോയതാണെന്നാണ് പ്രാഥമിക വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ സെക്യൂരിറ്റി, നിയമ, ആരോഗ്യ നടപടികള്‍ പൂര്‍ത്തീകരിച്ച് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കുട്ടിയെ വീട്ടില്‍ നിന്ന് ഒളിച്ചോടാനും താമസിക്കാനും  സഹായിച്ചെന്ന ആരോപണം നേരിടുന്ന യുവാവിനെയാണ് ചോദ്യം ചെയ്യുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ പ്രോസിക്യൂഷന് കൈമാറുമെന്നാണ് വിവരം. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ഔദ്യോഗികമായല്ലാതെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

വെള്ളിയാഴ്‍ച രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നപ്പോഴാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളും കുടുംബവും വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു.

click me!