സ്വർണക്കച്ചവടത്തിൽ ബിനാമി ഇടപാട്; അഞ്ച് പേർക്ക് 14 വർഷം തടവ്, പിടിച്ചെടുത്തത് കോടികൾ, 28 കിലോ സ്വർണം

By Web TeamFirst Published Mar 5, 2024, 4:57 PM IST
Highlights

പണം, ബാങ്ക് ബാലൻസ്, 28 കിലോഗ്രാം സ്വർണം, ഒരു വാഹനം, ഒരു സ്മാർട്ട്ഫോൺ എന്നിവ കണ്ടുകെട്ടിയതിലുൾപ്പെടും.

റിയാദ്: മദീന, നജ്‌റാൻ എന്നിവിടങ്ങളിൽ സ്വർണവ്യാപാരത്തിൽ ബിനാമിയിടപാട് നടത്തിയ അഞ്ച് പേരെ ആകെ 14 വർഷം തടവിന് ശിക്ഷിച്ചു. രണ്ട് സ്ഥാപനങ്ങൾ വഴിയാണ് ബിനാമിയിടപാട് നടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് മദീന ക്രിമിനൽ കോടതിയാണ് സ്വദേശി പൗരനും നാല് യമൻ പൗരനുമെതിരെ വിധി പുറപ്പെടുവിച്ചത്. ഇവർക്കെതിരെയുള്ള കോടതിയുടെ ശിക്ഷാവിധി വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. അഞ്ചുപേർക്കുമായി മൊത്തം 14 വർഷം തടവാണ് വിധിച്ചത്. സൗദി പൗരനും മൂന്ന് യമനി പൗരന്മാർക്കും മൂന്ന് വർഷം വീതവും അവശേഷിച്ച യമൻ പൗരന് രണ്ട് വർഷവുമാണ് തടവ് വിധിച്ചത്.

ബിനാമി കുറ്റകൃത്യത്തിൻറെ ഫലമായുണ്ടായ സമ്പാദ്യം പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഇതിൻറെ മൂല്യം 60 ലക്ഷം റിയാൽ (13 കോടി ഇന്ത്യന്‍ രൂപ) കവിയും. പണം, ബാങ്ക് ബാലൻസ്, 28 കിലോഗ്രാം സ്വർണം, ഒരു വാഹനം, ഒരു സ്മാർട്ട്ഫോൺ എന്നിവ കണ്ടുകെട്ടിയതിലുൾപ്പെടും. കൂടാതെ ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചിട്ടുണ്ട്.

Read Also -  അവധിക്കാലത്ത് അധിക നിരക്കിളവ്, ഇത് പൊളിക്കും; ടിക്കറ്റ് ബുക്ക് ചെയ്തോളൂ, പുതിയ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

വേറെയും ശിക്ഷാനടപടികൾ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബിനാമി സ്ഥാപനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കണം, വാണിജ്യ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുക, പ്രതിയായ സ്വദേശി പൗരനെ അഞ്ച് വർഷത്തേക്ക് വാണിജ്യ പ്രവർത്തനം നടത്തുന്നതിൽനിന്ന് തടയുക, ഇയാളിൽനിന്ന് സകാത്ത്, ഫീസ്, നികുതി എന്നിവ വസൂലാക്കുക, വിദേശികളായ മറ്റ് പ്രതികളെ തടവുശിക്ഷ പൂർത്തിയാക്കുേമ്പാൾ നാടുകടത്തുക, വീണ്ടും സൗദിയിലെത്തി ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുക, പ്രതികളുടെ ചെലവിൽ വിധിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുക എന്നിവയാണത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!