10 കോടി വിനോദ സഞ്ചാരികളെത്തി; ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം

By Web TeamFirst Published Mar 5, 2024, 4:05 PM IST
Highlights

‘വിഷൻ 2030’ൽനിന്ന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെ സ്വദേശത്തും വിദേശത്തുമുള്ള 10 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവ് രജിസ്റ്റർ ചെയ്യാനും വ്യക്തമായ ഫലങ്ങൾ കൈവരിക്കാനും ഇതിനകം സാധിച്ചു.

റിയാദ്: 2023 അവസാനത്തോടെ 10 കോടി വിനോദസഞ്ചാരികൾ എന്ന ലക്ഷ്യം നേടാനായത് ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം. ഏഴുവർഷം മുമ്പായിരുന്നു ഈ ലക്ഷ്യം പ്രഖ്യാപിച്ചത്. ലക്ഷ്യം പൂർത്തീകരിക്കാനായത് ‘വിഷൻ 2030’െൻറ ഏറ്റവും സുപ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ തുവൈഖ് പാലസിൽ അരങ്ങേറിയ ആഘോഷത്തിൽ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്, യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡൻറ് സുറബ് പൊളോലികാഷ്‌വിലി, വേൾഡ് ടൂറിസം കൗൺസിൽ ഫോർ ട്രാവൽ ആൻഡ് ടൂറിസം പ്രസിഡൻറ് ജൂലിയ സിംപ്‌സൺ, നിരവധി മന്ത്രിമാരും വിശിഷ്ട വ്യക്തികളും അംബാസഡർമാരും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരും ടൂറിസം മേഖലയിലെ വിദഗ്ധരും, പ്രാദേശിക, അന്തർദേശീയ മാധ്യമപ്രവർത്തകരും പങ്കെടുത്തു. 

Read Also -  'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ

വിനോദസഞ്ചാര മേഖലക്ക് നൽകുന്ന പരിധിയില്ലാത്ത പിന്തുണക്ക് ഭരണകൂടത്തിന് ടൂറിസം മന്ത്രി നന്ദി പറഞ്ഞു. സൗദി ടൂറിസം മേഖല ഇന്ന് സാക്ഷ്യം വഹിക്കുന്ന അഭൂതപൂർവമായ പരിവർത്തനത്തിന് കാരണം ദൈവത്തിെൻറ കാരുണ്യവും ഭരണകൂടത്തിൻറെ വലിയ പിന്തുണയും വിവേകപൂർണമായ മാർഗനിർദേശവുമാണ്. അതനുസരിച്ച് ഞങ്ങൾ വാതിലുകൾ തുറക്കുകയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ വരവ് രാജ്യത്തേക്ക് സുഗമമാക്കുകയും ചെയ്തു.

‘വിഷൻ 2030’ൽനിന്ന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെ സ്വദേശത്തും വിദേശത്തുമുള്ള 10 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവ് രജിസ്റ്റർ ചെയ്യാനും വ്യക്തമായ ഫലങ്ങൾ കൈവരിക്കാനും ഇതിനകം സാധിച്ചു. വിനോദസഞ്ചാരികൾ ഈ കാലയളവിൽ 250 ശതകോടി റിയാൽ രാജ്യത്ത് ചെലവഴിച്ചു. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലേക്ക് സൗദിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനായത് ഭരണകൂടത്തിെൻറ മാർഗനിർദേശവും വലിയ പിന്തുണയും കൊണ്ടാണ്. അതില്ലാതെ തുടർച്ചയായ ഈ നേട്ടങ്ങളും റെക്കോർഡുകളും കൈവരിക്കാനാവില്ലെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!