സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 15 ആയി; പതിനഞ്ച് രാജ്യങ്ങളിലേക്ക് യാത്രാനിരോധനം

By Web TeamFirst Published Mar 10, 2020, 10:43 AM IST
Highlights

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേര്‍ ഇറാഖില്‍ നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണ്.  ഇരുവരും സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. 

റിയാദ്: തിങ്കളാഴ്ച പുതുതായി നാലുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ രോ​ഗ ബാധിതരുടെ എണ്ണം15 ആയി. 15 രാജ്യങ്ങളുമായി സൗദി അറേബ്യ ഗതാഗത ബന്ധവും വിച്ഛേദിച്ചു. 600 പേർ രാജ്യത്ത് നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതില്‍ 400 പേർക്കും രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഉൾപ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. സൗദി പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും 15 രാജ്യങ്ങളിലേക്ക് യാത്രാനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ചൈന കൂടാതെ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, ഒമാൻ, ഫ്രാൻസ്, ജർമനി, തുർക്കി, സ്പെയിൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ച് അവിടെ നിന്ന് ഇങ്ങോട്ടും യാത്ര നടത്തുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തി. 

റിയാദിലെ ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് അമേരിക്കൻ പൗരനിലാണ്. ഫിലിപ്പീൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദര്‍ശിച്ച ശേഷം റിയാദിലെത്തിയ ഇയാളുടെ സ്രവ പരിശോധനയിൽ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾ ഇപ്പോൾ റിയാദിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേര്‍ ഇറാഖില്‍ നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണ്. ഇറാഖിൽ നിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയിലായിരുന്നു അവർ. ഇരുവരും സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് പുതുതായി രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. അയാളും ഖത്തീഫിലെ ആശുപത്രിയിലാണുള്ളത്.

നേരത്തെയുള്ള 11പേരും പുതിയ മൂന്നുപേരും ചേർന്ന് 14 രോഗികളും ഖത്തീഫ് മേഖലയിലാണ്. ഇതോടെ അതീവ ജാഗ്രതയിൻ കീഴിലാണ് ഖത്തീഫ് മേഖല. ഇവിടെ സമ്പൂർണ വിലക്കാണ് പുറത്തുനിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആര്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. ഇതിനോടൊപ്പം രാജ്യം മുഴുവൻ ജാഗ്രതാ പാലിക്കുകയാണ്. 

ഇതിന്റെ ഭാഗമായാണ് രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്ന് ആർക്കും സൗദിയിലേക്ക് വരാനുമാവില്ല. ഇതോടെ സൗദിയിലേക്ക് കണക്ഷൻ വിമാനങ്ങളിൽ പുറപ്പെട്ട മലയാളികളടക്കമുള്ളവർ വഴിയിൽ കുടുങ്ങി. ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്ര റദ്ദാക്കേണ്ട സ്ഥിതിയിലുമായി.  

കുറെ മലയാളികൾ തിങ്കളാഴ്ച ബഹ്റൈനിൽ കുടുങ്ങിയിരുന്നു. ഗൾഫ് എയർ വിമാനത്തിൽ രാവിലെ ബഹ്റൈനിൽ എത്തിയ സൗദിയിലേക്കുള്ള മലയാളികളാണ് അവിടെ കുടുങ്ങിയത്. പുതിയ ജാഗ്രതാനടപടികളുടെ ഭാഗമായി രാജ്യത്തെ വലിയ വിനോദ പരിപാടികൾ നിർത്തിവെക്കുകയും വിനോദ കേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. 

click me!