പ്രവാസി വനിതയെ കൊലപ്പെടുത്തിയത് സ്വദേശിയായ 17 വയസുകാരന്‍; കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തെന്നും കണ്ടെത്തി

By Web TeamFirst Published Jan 26, 2023, 8:45 PM IST
Highlights

പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ കണ്ടെത്തി. കൊല്ലപ്പെട്ട യുവതി അവസാനം ജോലി ചെയ്‍തിരുന്ന സ്വദേശിയുടെ വീട്ടിലെ 17 വയസുകാരനായിരുന്നു ഘാതകന്‍.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രവാസി വനിത കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പിടിയിലായ 17 വയസുകാരന്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഫിലിപ്പൈന്‍സ് സ്വദേശിനിയായ 35 വയസുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ - സാല്‍മി റോഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തലയോട്ടി തകര്‍ക്കപ്പെട്ടിരുന്നു. വിരലടയാളം പരിശോധിച്ചാണ് മരിച്ചത് ഫിലിപ്പൈന്‍സ് സ്വദേശിനിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന യുവതിക്കെതിരെ നേരത്തെ സ്‍പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതിന് കേസും നിലവിലുണ്ടായിരുന്നു.

പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ കണ്ടെത്തി. കൊല്ലപ്പെട്ട യുവതി അവസാനം ജോലി ചെയ്‍തിരുന്ന സ്വദേശിയുടെ വീട്ടിലെ 17 വയസുകാരനായിരുന്നു ഘാതകന്‍. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫോറന്‍സിക് പരിശോധനയിലും യുവതി പീഡനത്തിനിരയായെന്ന് കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ പ്രതിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

കൊലപ്പെട്ട യുവതി വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ്. 2022 ജൂലൈയില്‍ കുവൈത്തിലെത്തിയ ഇവര്‍ ജഹ്റയില്‍ ഒരു സ്വദേശി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായിരുന്നു.  നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഫിലിപ്പൈന്‍സ് എംബസി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മൃതദേഹം ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിക്കും. ഫിലിപ്പൈന്‍സിലെ കുടിയേറ്റ തൊഴിലാളി വിഭാഗം സെക്രട്ടറി സൂസണ്‍ വി ഓപ്ള്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു.

നേരത്തെ ഒരു ഫിലിപ്പൈനി വീട്ടുജോലിക്കാരി കുവൈത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് സര്‍ക്കാറുമായി ധാരണയിലെത്തിയ ശേഷം അടുത്തിടെയാണ് ഫിലിപ്പൈന്‍സ് സ്വദേശികള്‍ കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളായി എത്തിത്തുടങ്ങിയത്. 

Read also:  പ്രവാസി മലയാളി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

click me!