
റിയാദ്: സുരക്ഷ നിരീക്ഷണ ക്യാമറ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ പിഴ. ക്യാമറകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.
ഇത് സാമ്പത്തിക പിഴക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ നിരീക്ഷണ ക്യാമറ റെക്കോർഡിങുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്. ഇതിന് 20,000 റിയാൽ പിഴയുണ്ടാകും. ശിക്ഷാവിധി തീരുമാനം വിജ്ഞാപനം ചെയ്ത തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അതിനെതിരെ പരാതി നൽകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പർദ്ദയും ഷൂവും അല്ലെങ്കിൽ കറുത്ത പാന്‍റ്, നീളൻ കൈ നീല ഷർട്ട്; സൗദിയിൽ സ്ത്രീ ഡ്രൈവർമാര്‍ക്ക് അടക്കം യൂണിഫോം
റിയാദ്: സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് യൂനിഫോമിന് അംഗീകാരം നൽകിയത്. പ്രത്യേക ആവശ്യത്തിനായുള്ള ബസ്സുകൾ, വാടക ബസ്സുകൾ, സ്കൂൾ ബസുകൾ, അന്താരാഷ്ട്ര സർവിസ് ബസുകൾ എന്നിവയിലെ ഡ്രൈവർമാർക്ക് ഈ നിയമം ബാധകമാണ്. ബസ് ഗതാഗത മേഖലയിലെ അടിസ്ഥാന ആവശ്യകതയെന്ന നിലയിലാണ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്താൻ അതോറിറ്റി തീരുമാനിച്ചത്.
ഏപ്രിൽ 27 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്, കൂടെ ഷൂവും നിർബന്ധമാണ്. തലയിൽ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കിൽ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കിൽ കറുത്ത പാന്‍റും ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂണിഫോം. സ്ത്രീകൾക്കുള്ള യൂണിഫോം ഒന്നുകിൽ പർദ്ദ (അബായ)യും ഷൂവുമാണ്.
ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കിൽ കറുത്ത നീളമുള്ള പാൻറും കറുത്ത ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേരും എബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയൽ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം.
ഡ്രൈവർമാർക്കുള്ള യൂണിഫോം ബസ് ഗതാഗത മേഖലയിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും ഈ സുപ്രധാന സേവനങ്ങളുടെ പൊതുവായ രൂപവും മതിപ്പും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അതോറിറ്റിയുടെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അതോറിറ്റി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ