വർണാഭമായി റിയാദ് ഇന്ത്യൻ സ്കൂളിന്റെ 35-ാം വാർഷികാഘോഷം

Published : Dec 13, 2019, 10:51 AM IST
വർണാഭമായി റിയാദ് ഇന്ത്യൻ സ്കൂളിന്റെ 35-ാം വാർഷികാഘോഷം

Synopsis

റിയാദിൽ ഇന്ത്യന്‍ സ്കൂൾ സ്ഥാപിച്ചതിന്റെ വാർഷികാഘോഷം അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഒരു വാഹനാപകടത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ സ്കൂളിലെ ഡ്രൈവർ ഷാഹുൽ ഹമീദിനെയും ചടങ്ങിൽ ആദരിച്ചു.  

റിയാദ്: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ 35-ാം വാർഷികം വർണാഭമായി ആഘോഷിച്ചു. റിയാദ് റൗദയിലെ ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്കൂൾ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. അംബാസഡറുടെ പത്നി ഫർഹ സഈദും ചടങ്ങിൽ അതിഥിയായി. സ്കൂൾ നിരീക്ഷകനും എംബസി ഡിഫൻസ് അറ്റാഷെയുമായ കേണൽ എസ്.എം. മനീഷ് നാഗ്പാൽ, സ്കൂൾ ഭരണസമിതി ചെയർമാൻ സഹാബ് ഹുസൈൻ, സമിതി അംഗങ്ങളായ സുൽത്താൻ മസ്ഹറുദ്ദീൻ, ഡോ. എം.എസ്. കവിത എനിവരും ചടങ്ങിൽ സംബന്ധിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് സ്വാഗത പ്രസംഗം നിർവഹിച്ചു. ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് അസ്മ ഷാ സ്കൂളിന്റെ അക്കാദമിക നിലവാരത്തെയും വിദ്യാർഥികളുടെ കരിക്കുലം ഇതര രംഗങ്ങളിലെ നേട്ടങ്ങളെയും കുറിച്ച് വിശദീകരിച്ചു. സി.ബി.എസ്.ഇ 12, 10 ക്ലാസ് പരീക്ഷകളിൽ എ വൺ ഗ്രേഡ് നേടിയ കുട്ടികളെ അംബാസഡർ ഡോ. ഔസാഫ് സഈദ് പ്രതിഭ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സെക്കണ്ടറി, സീനിയർ സെക്കണ്ടറി ക്ലാസുകളിലെ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും ട്രോഫികൾ സമ്മാനിച്ചു. ഹരിയാനയിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ സ്പോർട്സ് മീറ്റിൽ അണ്ടർ 19 ഫുട്ബാളിൽ വെ-ങ്കല മെഡൽ നേടിയ സ്കൂളിൽ നിന്നുള്ള ടീമംഗങ്ങളെയും പരിശീലകരെയും അംബാസഡർ ആദരിച്ചു. അമേരിക്കയിൽ നടന്ന വേൾഡ് സ്കൗട്ട് ജംബൂരിയിൽ പങ്കെടുത്ത മൂന്ന് വിദ്യാർഥികൾക്ക് അംബാസഡർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

ഒരു വാഹനാപകടത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ സ്കൂളിലെ ഡ്രൈവർ ഷാഹുൽ ഹമീദിനെയും ചടങ്ങിൽ അംബാസഡർ ആദരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മീര റഹ്മാൻ നന്ദി പറഞ്ഞു. തുടർന്ന് ദേവികയുടെ ഗാനാലാപനത്തോടെ കലാപരിപാടികൾ അരങ്ങേറി. കിൻറർ ഗാർട്ടൻ വിഭാഗത്തിലെ ആൻകുട്ടികൾ സ്വാഗതഗാനം ആലപിച്ചു.  വലീദ്, അലീന എന്നിവർ അവതാരകരായി. നാലാം ക്ലാസ് വിദ്യാർഥികൾ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രാധാന്യത്തെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചുള്ള സംഗീത ശിൽപം അവതരിപ്പിച്ചു. കിന്റർഗാർട്ടൻ പെൺകുട്ടികളുടെ ഖവ്വാലി, നാലാം ക്ലാസ് വിദ്യാർഥിനികളുടെ സംഗീത ശിൽപം, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച സെമിക്ലാസിക്കൽ ഡാൻസ്, ബാലവേലയും കുട്ടികളുടെ മേലുള്ള ചൂഷണവും കുട്ടിക്കടത്തും സംബന്ധിച്ചുള്ള ദൂഷ്യവശങ്ങളിലേക്ക് വെളിച്ചം വീശി ആറ്, എട്ട് ക്ലാസുകളിലെ ആൺകുട്ടികൾ അവതരിപ്പിച്ച സംഗീത ശിൽപം എന്നിവയും അരങ്ങേറി. സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങളുടെ ആലാപനത്തോടെ പരിപാടിക്ക് സമാപനമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ