ആറ് വർഷം: കുവൈത്തിൽ നിന്ന് നാടുകടത്തിയ ഇന്ത്യാക്കാരുടെ എണ്ണം 36000

By Web TeamFirst Published Jul 13, 2019, 12:11 AM IST
Highlights

കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട വിദേശി സമൂഹത്തിൽ മുമ്പിൽ ഇന്ത്യക്കാരാണ്

കുവൈത്ത് സിറ്റി: ആറു വർഷത്തിനിടെ കുവൈത്തിൽ നിന്ന് 36000 ഇന്ത്യാക്കാരെ  നാടുകടത്തി. ഇതിൽ 29000 പേർ പുരുഷന്മാരും 7000 പേർ സ്ത്രീകളുമാണ്. കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട വിദേശി സമൂഹത്തിൽ മുമ്പിൽ ഇന്ത്യക്കാരാണ്​.

ഈ കാലയളവിൽ ആകെ 1.48 ലക്ഷം വിദേശികളെയാണ്​ നാടുകടത്തിയത്​.  ഇവരിൽ 88000 പുരുഷന്മാരും 60000 സ്​ത്രീകളുമാണുള്ളത്​. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്​ അൽ അൻബ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. പുരുഷന്മാരിൽ 16000 ഈജിപ്‌തുകാരെയും, 14000 ബംഗ്ലാദേശികളെയും, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 5000 പേരെയും 4000 എത്യോപ്യക്കാരെയും, 1700 ഫിലിപ്പീൻസുകാരെയും തിരിച്ചയച്ചു.

സ്​ത്രീകളിൽ എത്യോപ്യക്കാരാണ് നാടുകടത്തപ്പെട്ടവരിൽ ഏറെയും. 14000 എത്യോപ്യക്കാരാണ് നാടുകടത്തപ്പെട്ടത്.  തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ്​ കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക്​ തിരിച്ചയച്ചത്​.

മദ്യം, മയക്കുമരുന്ന്​ കേസുകളിലകപ്പെട്ടവരാണ്​ പിന്നീടുള്ളത്​. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്​തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്​. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ആകെ 17000 പേരെയാണ്​ നാടുകടത്തിയത്​.

click me!