
ദുബൈ: യുഎഇയിലെ പകുതിയോളം കമ്പനികളും ഈ വര്‍ഷം ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പണപ്പെരുപ്പവും തൊഴില്‍ വിപണിയിലെ മത്സരവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാനായി കമ്പനികളുടെ വാര്‍ഷിക ബജറ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പല സ്ഥാപനങ്ങളും ഇതിനോടകം തന്നെ വരുത്തിക്കഴിഞ്ഞുവെന്നും പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ എയോണ്‍ നടത്തിയ സര്‍വേയുടെ ഫലത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
യുഎഇയിലെ വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്ന 150 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വേയുടെ ഫലമാണ് കമ്പനി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ആദ്യ രണ്ടാഴ്ചയായിരുന്നു രാജ്യത്തെ കമ്പനികളില്‍ നിന്ന് വിവര ശേഖരണം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം കമ്പനികളും ഇത്തവണ ശമ്പള വര്‍ദ്ധനവ് കൊണ്ടുവരാന്‍ തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ട്.
Read also: ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയേക്കും
തങ്ങളുടെ മികച്ച ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനും കൂടുതല്‍ മികച്ച മനുഷ്യവിഭവം അകര്‍ഷിക്കാനും ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം കമ്പനികളും സമ്മതിച്ചു. 49 ശതമാനം കമ്പനികള്‍ ഈ വര്‍ഷം ശമ്പള വര്‍ദ്ധനവ് കൊണ്ടുവരാനുള്ള നടപടികളെടുക്കുമ്പോള്‍ 14 ശതമാനം കമ്പനികള്‍ ഈ വര്‍ഷം പകുതിയില്‍ മറ്റൊരു ശമ്പള വര്‍ദ്ധനവിന്റെ സാധ്യതകള്‍ കൂടി പരിഗണിക്കുന്നുണ്ടെന്നും സര്‍വേ ഫലം പറയുന്നു.
ഉന്നത പദവികള്‍ വഹിക്കുന്നവരേക്കാള്‍ ജൂനിയര്‍, മിഡില്‍ മാനേജ്‍മെന്റ് തലങ്ങളിലായിരിക്കും ഇത്തവണ കൂടുതല്‍ വര്‍ദ്ധനവ് കൊണ്ടുവരികയെന്നാണ് കമ്പനികള്‍ നല്‍കുന്ന വിവരം. അതേസമയം വിവിധ തലങ്ങളില്‍ വ്യത്യസ്ത നിരക്കിലായിരിക്കും ശമ്പള വര്‍ദ്ധനവ് നടപ്പാക്കുകയെന്ന് 75 ശതമാനം കമ്പനികളും വ്യക്തമാക്കുകയും ചെയ്‍തു. വിപണയില്‍ കഴിവുള്ള ജീവനക്കാരെ നിലനിര്‍ത്താനും ആകര്‍ഷിക്കാനും കമ്പനികള്‍ തമ്മില്‍ നിലനില്‍ക്കുന്ന സമ്മര്‍ദമാണ് കമ്പനികളെ ശമ്പള വര്‍ദ്ധനവിന് പ്രേരിപ്പിക്കുന്ന പ്രധാന കാരണം.
വിപണി നിരക്കിന് അനുഗുണമായ തരത്തിലുള്ള ശമ്പള നിലവാരം കൈവരിക്കണമെന്ന ലക്ഷ്യത്തോടെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നത് 15 ശതമാനം സ്ഥാപനങ്ങളാണ്. ശമ്പളം കുറവുള്ളതിനാല്‍ ജീവനക്കാര്‍ ജോലി വിട്ട് പോകുന്നുവെന്ന് 27 ശതമാനം സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത 23 ശതമാനം സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടി.
Read also: ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന; 100 നിയമലംഘനങ്ങള്‍ കണ്ടെത്തി
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചും ആഗോളം ശരാശരിയുമായി താരതമ്യം ചെയ്യുമ്പോഴും യുഎഇയിലെ പണപ്പെരുപ്പ നിരക്ക് കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആദ്യ പാദത്തില്‍ 3.7 ശതമാനമായിരുന്നു പണപ്പെരുപ്പമെങ്കിലും 2022ല്‍ ആകെ പരിഗണിക്കുമ്പോള്‍ ഇത് ശരാശരി 2.7 ശതമാനമായിരിക്കുമെന്നാണ് യുഎഇ കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍. മുന്‍നിര സമ്പദ് വ്യവസ്ഥകളില്‍ ഈ വര്‍ഷം 5.7 ശതമാനം പണപ്പെരുപ്പമുണ്ടാകുമെന്നാണ് പ്രവചനം. വികസ്വര സമ്പദ് വ്യവസ്ഥകളില്‍ ഇത് 8.7 ശതമാനമായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ