20 വര്‍ഷത്തെ ഭാഗ്യ പരീക്ഷണത്തിനൊടുവില്‍ യുഎഇയില്‍ ഇന്ത്യക്കാരിക്ക് 71-ാം വയസില്‍ ഏഴ് കോടിയുടെ സമ്മാനം

By Web TeamFirst Published Jul 10, 2019, 12:47 PM IST
Highlights

രണ്ട് മാസത്തിലൊരിക്കല്‍ ദുബായില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാറുണ്ട്. അപ്പോഴൊക്കെ ടിക്കറ്റെടുക്കുമായിരുന്നു. തനിക്ക് ഭാഗ്യമില്ലെന്ന് നിരവധി തവണ ബോധ്യപ്പെട്ടിട്ടും ടിക്കറ്റെടുക്കുന്നത് തുടര്‍ന്നു. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇത്. 

ദുബായ്: 20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്ന ഇന്ത്യക്കാരിക്ക് ഒടുവില്‍ സമ്മാനം ലഭിച്ചത് 71-ാം വയസില്‍. ദുബായില്‍ സ്വന്തമായി ട്രേഡിങ് കമ്പനി നടത്തുന്ന മുംബൈ സ്വദേശിനി ജയ ഗുപ്തക്കാണ് കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. പ്രവാസി ഇന്ത്യക്കാരനായ രവി രാമചന്ദ് ബച്ചാനി എന്നയാള്‍ക്കും നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം ലഭിച്ചു.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴെല്ലാം താന്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തിരുന്നെന്ന് ജയ പറഞ്ഞു. അസുഖബാധിതയായ അമ്മയെ കാണാന്‍ ഏറ്റവുമൊടുവില്‍ മേയ് 20ന് പൂനെയിലേക്ക് യാത്ര ചെയ്യവെ വിമാനത്താവളത്തില്‍ നിന്നെടുത്ത 303-ാം സീരീസിലെ 0993 -ാം നമ്പര്‍ ടിക്കറ്റിലായിരുന്നു ഏഴ് കോടിയുടെ ഭാഗ്യമെത്തിയത്. 1993ല്‍ ദുബായിലെത്തിയ താന്‍ 1999ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകള്‍ തുടങ്ങിയ കാലം മുതല്‍ ടിക്കറ്റെടുക്കാറുണ്ടെങ്കിലും ഒടുവില്‍ സമ്മാനം ലഭിച്ചപ്പോള്‍ അത് വിശ്വാസിക്കാനായില്ലെന്ന് ജയ പറഞ്ഞു.

അമ്മയുടെ ആരോഗ്യനില മോശമായതിന് ശേഷം രണ്ട് മാസത്തിലൊരിക്കല്‍ ദുബായില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാറുണ്ട്. അപ്പോഴൊക്കെ ടിക്കറ്റെടുക്കുമായിരുന്നു. തനിക്ക് ഭാഗ്യമില്ലെന്ന് നിരവധി തവണ ബോധ്യപ്പെട്ടിട്ടും ടിക്കറ്റെടുക്കുന്നത് തുടര്‍ന്നു. എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇത്. പിന്നീട് വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ടിക്കറ്റെടുക്കുന്നത് ഒരു ശീലമായി മാറി. ചൊവ്വാഴ്ച ഒരു മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ഫോണ്‍ വിളിയെത്തിയത്. പത്ത് ലക്ഷം ഡോളറിന്റെ സമ്മാനം കിട്ടിയെന്ന് കേട്ടപ്പോള്‍ ആരോ കബളിപ്പിക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മുംബൈയിലുള്ള ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു.

സമ്മാനം ലഭിച്ച കാര്യം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല. ഈ മാസം അവസാനം നാട്ടില്‍ വരുമ്പോള്‍ വിവരം പറയാനിരിക്കുകയാണ്. സമ്മാനം കിട്ടിയാല്‍ ആ പണം ഉപയോഗിച്ച് ബിസിനസ് വിപുലമാക്കണമെന്നായിരുന്നു ടിക്കറ്റെടുത്ത് തുടങ്ങിയ കാലത്തെ ആഗ്രഹം. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും ക്ഷമയും കൊണ്ട് ബിസിനസ് ഇന്ന് ഏറെ വിപുലമായി. താന്‍ വലിയ ധനികയല്ല. എന്നാല്‍ ദരിദ്രയുമല്ല. മകന്‍ അമേരിക്കയില്‍ ജോലി ലഭിച്ച് കുടുംബത്തോടൊപ്പം അവിടെ സ്ഥിരതാമസമാക്കി. തനിക്ക് ദുബായില്‍ സ്വന്തമായി ബിസിനസുണ്ട്. സന്തോഷകരമായ ജീവിതമായിരുന്നു ഇതുവരെ. കഠിനമായി അധ്വാനിക്കുമ്പോഴും ഒരു ദിനം വിജയിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ഇനിയിപ്പോള്‍ കിട്ടുന്ന പണത്തില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. ഇന്ത്യയിലുള്ള തന്റെ രണ്ട് ദത്തുപുത്രിമാര്‍ക്ക് വീടുകള്‍ വാങ്ങണം-ഇതൊക്കെയാണ് പദ്ധതികളെന്ന് ജയ പറയുന്നു.

ജയക്കൊപ്പം ഏഴ് കോടി സമ്മാനം ലഭിച്ച മറ്റൊരു ഇന്ത്യക്കാരനായ രവി രാമചന്ദും കഴിഞ്ഞ് പത്ത് വര്‍ഷത്തോളമായി സ്ഥിരമായി ടിക്കറ്റെടുത്തിരുന്നയാളാണ്. 37കാരനായ അദ്ദേഹം 14 വര്‍ഷമായി ദുബായില്‍ താമസിക്കുന്നു. കഴിഞ്ഞ പെരുന്നാള്‍ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ക്രൊയേഷ്യയിലേക്ക് പോകുന്ന വഴിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
 

click me!