കൊവിഡ് ചികിത്സയ്ക്ക് സൊട്രോവിമാബ് ഫലപ്രദം; സുഖം പ്രാപിച്ചത് 97.3 ശതമാനം രോഗികള്‍

By Web TeamFirst Published Jul 1, 2021, 2:47 PM IST
Highlights

ജൂണ്‍ 16 മുതല്‍ 29 വരെയുള്ള കാലയളവില്‍ 658 രോഗികള്‍ക്കാണ് സൊട്രോവിമാബ് മരുന്ന് നല്‍കിയത്. ഇതില്‍ 46ശതമാനം പേര്‍ സ്വദേശികളും  54 ശതമാനം വിദേശികളുമായിരുന്നു.

അബുദാബി: യുഎഇയില്‍ കൊവിഡ് ചികിത്സയ്ക്കിടെ സൊട്രോവിമാബ് സ്വീകരിച്ച 97.3 ശതമാനത്തിലധികം രോഗികള്‍ അഞ്ചു മുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിച്ചു. അബുദാബി ആരോഗ്യ വിഭാഗവും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രണ്ടാഴ്ചത്തെ ചികിത്സയുടെ ഫലം പുറത്തുവിട്ടത്. 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മരുന്ന് നല്‍കിയത്. 

ജൂണ്‍ 16 മുതല്‍ 29 വരെയുള്ള കാലയളവില്‍ 658 രോഗികള്‍ക്കാണ് സൊട്രോവിമാബ് മരുന്ന് നല്‍കിയത്. ഇതില്‍ 46ശതമാനം പേര്‍ സ്വദേശികളും  54 ശതമാനം വിദേശികളുമായിരുന്നു. ഇതില്‍ 59 ശതമാനം പേരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നെന്ന് അബുദാബി മീഡിയ ഓഫീസ് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഞ്ചുമുതല്‍ ഏഴു ദിവസത്തിനുള്ളില്‍ 97.3 ശതമാനത്തിലധികം പേരുടെ ആരോഗ്യനില മെച്ചപ്പെട്ടു. 

സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിരുന്നു. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയായ സൊട്രോവിമാബ് 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരില്‍ ഉപയോഗിക്കാം. നേരിയതോ ഇടത്തരമോ ആയ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളവരിലും മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഒറ്റ ഡോസ് ആന്റിബോഡി ചികിത്സയാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!