ഇറാന്‍റെ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധനം അറിയിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. സംഭവുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ ശക്തമായ പ്രതിഷേധവുമായി സൗദി വിദേശകാര്യ മന്ത്രാലയം. സംഭവുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ മന്ത്രാലയം വിളിച്ചുവരുത്തി രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കി.

സൗദിക്കും മറ്റ് ഗൾഫ് രാഷ്ട്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രകടിപ്പിച്ച നിരാശയും കടുത്ത അമർഷവും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജി അംബാസഡറെ നേരിട്ടറിയിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ ദേശീയ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ സൗദി ശക്തമായി അപലപിക്കുന്നു. രാജ്യത്തിെൻറ സുരക്ഷയും ഭൂപ്രദേശത്തിെൻറ അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് സൗദി ആവശ്യപ്പെട്ടു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയിൽ സൗദിയുടെ നിലപാട് വ്യക്തമാക്കുന്നതാണ് ഈ നയതന്ത്ര നീക്കം.

ഇറാനിലെ എംബസി അടച്ച് യുഎഇ

ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎഇ. ഇറാനിലെ എംബസി യുഎഇ അടച്ചു.അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൌകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. മറ്റു രാഷ്ട്രങ്ങളും ഈ നിലപാടിലേക്ക് പോകുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കിൽ ഇറാൻ നയതന്ത്രപരമായി കൂടുതൽ ഒറ്റപ്പെടുന്ന സ്ഥിതി വരും.

യുഎഇക്കെതിരായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇക്ക് ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് മോദി നന്ദി അറിയിച്ചു- "യുഎഇ പ്രസിഡന്‍റായ എന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തോടുള്ള കരുതലിന് അദ്ദേഹത്തിന് നന്ദി പറഞ്ഞു. സംഘർഷം ലഘൂകരിക്കൽ, സുരക്ഷ, സ്ഥിരത എന്നിവയെ ഞങ്ങൾ പിന്തുണയ്ക്കുന്നു"- എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്. ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇക്കാണ്.

YouTube video player