
ദുബൈ: ദുബൈയിൽ ഓടുന്ന കാറിൽ നിന്നുവീണ് അഞ്ച് വയസ്സുകാരന് പരിക്ക്. കുട്ടിക്ക് നിസാര പരിക്കുകളാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ അടിയന്തിര മെഡിക്കൽ സംഘം കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദുബൈ പോലീസ് പറയുന്നതനുസരിച്ച് മാതാവിനോടൊപ്പം കാറിന്റെ പിറകിലെ സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാറിന്റെ വാതിൽ തുറക്കുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. കാർ ഓടിച്ചിരുന്നത് അമിത വേഗത്തിലായിരുന്നില്ല. അതുകൊണ്ടാണ് കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിക്കണമെന്ന് ദുബൈ പോലീസ് ഓർമിപ്പിച്ചു.
കുട്ടികളുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ അവഗണിക്കുന്നത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ദുബൈ പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. കുട്ടികളെ സുരക്ഷിതമായ രീതിയിൽ വാഹനത്തിലിരുത്തണമെന്നും സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കുട്ടികളെ പിൻസീറ്റിൽ ഇരുത്തണമെന്നും വാഹനം പുറപ്പെടുന്നതിന് മുൻപ് കാറിന്റെ വാതിലുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അൽ മസ്റൂയി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ