'സ്ഫിങ്ക്‌സി’നെ ഓർമ്മിപ്പിച്ച് ഹാഇലിലെ 'അബുൽ ഹൗൾ' പർവ്വതം; അജാ പർവ്വതനിരകളിൽ പ്രകൃതിയൊരുക്കിയ അത്ഭുതക്കാഴ്ച

Published : Aug 09, 2026, 02:45 PM IST
Abu Al Houl Mountain

Synopsis

സൗദി അറേബ്യയിലെ ഹായിലിൽ, ഈജിപ്തിലെ സ്ഫിങ്ക്‌സിനോട് സാമ്യമുള്ള 'അബുൽ ഹൗൾ' എന്ന പ്രകൃതിദത്ത പാറക്കെട്ട് ശ്രദ്ധേയമാകുന്നു. ആയിരക്കണക്കിന് വർഷത്തെ പ്രകൃതിക്ഷയം മൂലം രൂപപ്പെട്ട ഈ ശില്പം സഞ്ചാരികളെയും ഗവേഷകരെയും ആകർഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

റിയാദ്: ഈജിപ്തിലെയും ഗ്രീസിലെയും പൗരാണിക കഥകളിൽ വിവരിക്കുന്ന, സിംഹത്തിെൻറ ശരീരവും മനുഷ്യന്റെ തലയുമുള്ള 'സ്ഫിങ്ക്‌സ്' (Sphinx) എന്ന സാങ്കൽപ്പിക ജീവിയെ ഓർമ്മിപ്പിക്കുന്ന ഒരു പ്രകൃതി ശില്പം സൗദി അറേബ്യയിലെ ഹായിലിൽ ശ്രദ്ധാകേന്ദ്രമാകുന്നു. അജാ പർവതനിരകളിലെ 'അബുൽ ഹൗൾ' എന്ന് വിളിക്കപ്പെടുന്ന പ്രകൃതിദത്ത പാറക്കെട്ടാണ് സഞ്ചാരികളെയും ഗവേഷകരെയും ഒരുപോലെ ആകർഷിക്കുന്നത്.

ഹായിൽ മേഖലയിലെ അബാ അൽ ഹിറാൻ ഗ്രാമത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പർവതഭാഗം, ദൂരത്തുനിന്ന് നോക്കുമ്പോൾ ഒരു മനുഷ്യെൻറ തലയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന മഴ, ഈർപ്പം, കാറ്റ് എന്നിവ കാരണമുണ്ടായ സ്വാഭാവിക പ്രകൃതിക്ഷയം മൂലമാണ് ഇത്തരമൊരു അപൂർവ ആകൃതി രൂപപ്പെട്ടത്.

ദീർഘകാലമായി നടന്ന ഭൗതിക-രാസപരമായ മാറ്റങ്ങളാണ് ഈ പ്രദേശത്തെ പാറകൾക്ക് വൈവിധ്യമാർന്ന ആകൃതികൾ നൽകിയതെന്ന് പുരാതന ചരിത്ര-ജ്യോതിശാസ്ത്ര ഗവേഷകനായ മിഷാരി അൽ നഷ്മി വ്യക്തമാക്കി. ഒരോ കോണിൽ നിന്ന് നോക്കുമ്പോഴും വ്യത്യസ്തവും മനോഹരവുമായ കാഴ്ചാനുഭവമാണ് ഈ പ്രകൃതിദത്ത പാറക്കെട്ടുകൾ സമ്മാനിക്കുന്നത്.

മനുഷ്യന്റെ തലയും സിംഹത്തിെൻറ ഉടലുമുള്ള സ്ഫിങ്ക്‌സിെൻറ ഏറ്റവും പ്രശസ്തമായ പ്രതിമ സ്ഥിതി ചെയ്യുന്നത് ഈജിപ്തിലെ ഗീസയിലെ പിരമിഡുകൾക്ക് സമീപമാണ്. ബി.സി. 2500-ഓടെ ഖഫ്രെ ഫറവോയുടെ കാലത്ത് ഒറ്റ ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്തതാണ് ഈജിപ്തിലെ പ്രശസ്തമായ സ്ഫിങ്ക്‌സ്. ഇതിനോട് സാദൃശ്യമുള്ള ആകൃതി സ്വാഭാവികമായി രൂപപ്പെട്ടുവന്നു എന്നതാണ് ഹായിലിലെ അബുൽ ഹൗൾ പർവതത്തിെൻറ പ്രത്യേകത. ഭൂഗർഭശാസ്ത്രപരമായ ഈ അത്ഭുതം കാണാനും പഠിക്കാനും നിരവധി സഞ്ചാരികളും പാറകളെക്കുറിച്ച് പഠിക്കുന്ന ഗവേഷകരും ദിവസേന ഇവിടെ എത്താറുണ്ട്. ഹായിൽ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറിയിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിൽ നിന്ന് പറന്ന വിമാനത്തിൽ തൊട്ടടുത്തിരുന്ന യാത്രക്കാരിക്ക് നേരെ അശ്ലീല പ്രദർശനം; യുവാവിന് ശിക്ഷ വിധിച്ച് യുകെ കോടതി
യുഎഇയിൽ സർക്കാർ, സ്വകാര്യ മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു, നബിദിനം പ്രമാണിച്ച് മൂന്ന് ദിവസം തുടർച്ചയായ അവധി