
അബുദാബി: അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി എമിറേറ്റിലെ 12 സ്വകാര്യ സ്കൂളുകളില്‍ 11, 12 ക്ലാസുകളിലേക്ക് പുതിയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെച്ച് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (ആഡെക്). വിദ്യാഭ്യാസ നിലവാരം പരിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നല്‍കുന്നതും അക്കാദമിക് റെക്കോര്‍ഡുകളിലെ പൊരുത്തക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെടുത്തത്.
കുട്ടികളുടെ പ്രകടനത്തിന്റെയും പഠനനിലവാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമാണ് ഗ്രേഡുകളെന്ന് ഉറപ്പാക്കുന്ന അഡെക്കിന്റെ പദ്ധതിയുടെ ആദ്യഘട്ടമെന്ന രീതിയിലാണ് പരിശോധന നടത്തിയത്. ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ ആഭ്യന്തര സ്കൂള്‍ ഗ്രേഡും പൊതു പരീക്ഷയിലെ പ്രകടനവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഗ്രേഡ് പെരുപ്പിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ തെറ്റായി പ്രതിനിധാനം ചെയ്യുക മാത്രമല്ല ചെയ്യുന്നതെന്നും ഇത് വിദ്യാഭ്യാസ സംവിധാനത്തിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ന്യായമായ അക്കാദമിക് മത്സരം പരിമിതപ്പെടുത്തുകയും ചെയ്യുകയാണെന്നും അഡെക് വ്യക്തമാക്കി. നടപടിയെടുത്ത 12 സ്കൂളുകളും 12-ാം തരത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും അക്കാദമിക് രേഖകള്‍ സമര്‍പ്പിക്കണം. നോട്ടുകള്‍, ഗ്രേഡിങ് രീതികള്‍, മൂല്യനിര്‍ണയ സാമ്പിളുകള്‍ തുടങ്ങിയ വിശദമായ അക്കാദമിക് രേഖകളാണ് അഡെക് മുമ്പാകെ സമര്‍പ്പിക്കേണ്ടത്. ഗ്രേഡുകള്‍ നല്കിയതിന്റെയും കുട്ടികളുടെ അക്കാദമിക് പ്രകടനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തിരിച്ചറിയാനായാണിത്. ഈ പരിശോധനകള്‍ അധികം വൈകാതെ ഒമ്പതാം തരം മുതല്‍ 11-ാം തരം വരെ വ്യാപിപ്പിക്കും. വരും ഘട്ടത്തില്‍ കുട്ടികളുടെ ഇന്‍റേണല്‍ ഗ്രേഡുകളും പൊതു പരീക്ഷയുടെ ഫലങ്ങളും താരതമ്യം ചെയ്യും. ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam