
അബുദാബി: ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പുകള്‍ അബുദാബിയില്‍ എവിടെയും വില്‍ക്കപ്പെടുന്നില്ലെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മരുന്നുകള്‍ കൈവശമുള്ളവര്‍ അവ ഉപയോഗിക്കരുതെന്നും ഇതിനോടകം ഉപയോഗിച്ചവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈദ്യ സഹായം തേടണമെന്നും അബുദാബി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്ക് ചുമ, ജലദോശം എന്നിവയ്ക്ക് നല്‍കിയിരുന്ന പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടനയാണ് അറിയിച്ചത്. നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായും ലോകാരോഗ്യ സംഘടന പറയുന്നു.
ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതോടെ ഈ കഫ് സിറപ്പുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ഗുരുതര ആരോപണമാണ് ലോകാരോഗ്യ സംഘടന ഉന്നയിച്ചത്.
നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡബ്ലുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കി. മരുന്ന് ഉത്പാദിപ്പിച്ച മെയിഡൻ ഫാർമസ്യൂട്ടിക്കൾസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റിയോടും വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Read also: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ്; രണ്ടിടങ്ങളില്‍ പരിശോധന നടത്തി അധികൃതര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ