
കാന്‍ബെറ: അഡ്ലെയ്ഡില്‍ ഓട്ടിസം ബാധിച്ച ഇന്ത്യന്‍ വംശജയായ നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനായ ജിഗര്‍ പട്ടേലിന്റെ മകളായ ക്രേയ പട്ടേല്‍ എന്ന കുട്ടിയാണ് മരിച്ചത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.20നാണ് സംഭവം.
ജിഗര്‍ പട്ടേല്‍ വീടിന് സമീപത്തെ പൂന്തോട്ടത്തില്‍ ജോലി ചെയ്യുന്ന സമയത്ത്, വീട്ടിനുള്ളിലായിരുന്ന കുഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞ് കുളത്തില്‍ വീണത് അറിഞ്ഞ് ഓടിയെത്തിയ ജിഗറും സമീപവാസിയും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, പൂട്ടിട്ട് അടച്ചിരുന്ന നീന്തല്‍ കുളത്തിലേക്കുള്ള ഗേറ്റ് കുട്ടി എങ്ങനെ തുറന്നുവെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മുന്‍പ് ഒരിക്കല്‍ ഈ പൂട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സമീപവാസികളായ ചിലര്‍ പറഞ്ഞതായും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ കുളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. മരണത്തില്‍ സംശയാസ്പദമായ ഒന്നുമില്ലെന്നും കുളം താത്കാലികമായി വേലി കെട്ടി അടച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ജിഗര്‍ പട്ടേലും ഭാര്യ ദീപ്തിയും വര്‍ഷങ്ങളായി അഡ്ലെയ്ഡിലാണ് താമസിക്കുന്നത്.
താഴ്ചയിലേക്ക് വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമം; വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam