കൊവിഡ് പരിശോധനയ്‍ക്ക് നിശ്ചിത നിരക്കിലധികം ഈടാക്കരുത്; അബുദാബിയിലെ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Aug 8, 2021, 7:47 PM IST
Highlights

ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയതായി കണ്ടെത്തിയാല്‍ അവിടെ പി.സി.ആര്‍ പരിശോധനാ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അബുദാബി: കൊവിഡ് പി.സി.ആര്‍ പരിശോധനയ്‍ക്ക് അധികൃതര്‍ നിശ്ചയിച്ച് നല്‍കിയിട്ടുള്ള ഏകീകൃത നിരക്ക് കര്‍ശനമായി പാലിക്കണമെന്ന് അബുദാബി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സ്വാബ് കളക്ഷന്‍, പരിശോധന, പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടിങ് എന്നിവ ഉള്‍പ്പെടെ 65 ദിര്‍ഹമാണ് നിരക്ക്. സാധാരണ പരിശോധനയ്‍ക്കും എമര്‍ജന്‍സി സേവനത്തിനും ഇതേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടൂള്ളൂ.

ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയതായി കണ്ടെത്തിയാല്‍ അവിടെ പി.സി.ആര്‍ പരിശോധനാ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ നിയമപ്രകാരമുള്ള പിഴയും ചുമത്തും. രോഗലക്ഷണങ്ങളില്ലാത്തവരുടെ പരിശോധനാ ഫീസ് അതത് വ്യക്തികള്‍ തന്നെ വഹിക്കണം. അല്ലാത്തവരുടെ പരിശോധനാ നിരക്ക് സര്‍ക്കാര്‍ പദ്ധതികള്‍ വഴി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് പരിശോധനയ്‍ക്ക് അധിക നിരക്ക് ഈടാക്കിയ ഒരു സ്ഥാപനത്തിന് പിഴ ചുമത്തിയിരുന്നു. ഏതെങ്കിലും സ്ഥാപനങ്ങള്‍ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 024193845 എന്ന നമ്പറിലോ healthsystemfinancing@doh.gov.ae എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

click me!