
കുവൈത്ത് സിറ്റി: ഗതാഗതം തടസ്സപ്പെടുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ കുവൈത്തിലെ നിയമങ്ങൾ കർക്കശമാക്കുന്നു. വാഹനങ്ങൾ 2 മാസം വരെ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ട്രാഫിക് വകുപ്പ്. അശ്രദ്ധമായ ഡ്രൈവിംഗും മനഃപൂർവമുള്ള ഗതാഗത തടസ്സപ്പെടുത്തലും രാജ്യത്തുടനീളം രൂക്ഷമായ ഗതാഗതക്കുരുക്കിനും കാലതാമസത്തിനും കാരണമാകുന്നുവെന്ന് റോഡ് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് നടപടി. ഈ സാഹചര്യത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ട്രാഫിക് നിയമങ്ങളുടെ നടപ്പാക്കൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്ന നിയമലംഘനങ്ങൾ വർധിച്ചതായി ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഓപ്പറേഷൻസ് റൂം നേരത്തെ കണ്ടെത്തിയിരുന്നു. അഡ്വാൻസ്ഡ് ക്യാമറകൾ, പട്രോൾ യൂണിറ്റുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ഇത് വ്യക്തമായത്.
നിയമവിരുദ്ധമായി ഓവർടേക്ക് ചെയ്യൽ, ലൈനുകൾ തടസ്സപ്പെടുത്തൽ, മനഃപൂർവം വാഹനങ്ങളുടെ വേഗത കുറച്ച് ഗതാഗതത്തിന് തടസ്സമുണ്ടാക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്ന വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാൻ അധികാരികൾ തീരുമാനിച്ചു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 207, 209 എന്നിവ പ്രകാരമാണ് പുതിയ നടപടി. നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ട്രാഫിക് വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും, പ്രത്യേകിച്ചും തിരക്കുള്ള സമയങ്ങളിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മുതിർന്ന സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ