
അബുദാബി: യുഎഇയുടെ പുതിയ ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യ അബുദാബി ജൂലൈ 14 മുതല്‍ സര്‍വീസ് തുടങ്ങും. ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് ആദ്യ സര്‍വീസ്. 15ന് സൊഹാഗിലേക്കും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് എയര്‍ അറേബ്യയുടെ വെബ്സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
അസാധാരണമായ ഈ സമയത്ത് അബുദാബിയുടെ ആദ്യത്തെ ബജറ്റ് എയര്‍ലൈന്‍ ആരംഭിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡഗ്ലസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തിഹാദിന്റെയും എയര്‍അറേബ്യയുടെയും ഈ സംയുക്ത സംരംഭം കൂടുതല്‍ അവസരങ്ങള്‍ തുറക്കുകയും പുതിയ വിപണികളിലേക്കുള്ള മൂലധനമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാരണം വ്യോമയാന മേഖല മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും ഇത്തരമൊരു പദ്ധതി തുടങ്ങാനായത് യുഎഇ വ്യോമയാന മേഖലയുടെ ശക്തിയും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുമാണ് തെളിയിക്കുന്നതെന്ന് എയര്‍ അറേബ്യ സി.ഇ.ഒ ആദില്‍ അല്‍ അലി പറഞ്ഞു.
യുഎഇയുടെ അഞ്ചാമത്തെ വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ അബുദാബി. നിലവില്‍ എയര്‍ബസ് എ320 വിമാനങ്ങളുപയോഗിച്ച് രണ്ട് ഈജിപ്ഷ്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അബുദാബി വിമാനത്താവളം ആസ്ഥാനമാക്കിയായിരിക്കും സര്‍വീസുകള്‍. കൂടുതല്‍ വിമാനത്താവളങ്ങള്‍ തുറക്കുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാവുകയും ചെയ്യുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam