അറ്റകുറ്റപ്പണികള്‍ക്ക് പണമില്ല; എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങള്‍ 'കട്ടപ്പുറത്ത്'

By Web TeamFirst Published Apr 26, 2019, 5:33 PM IST
Highlights

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ദില്ലി-സാന്‍‍ഫ്രാന്‍സിസ്കോ സര്‍വീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം പതിവ് പരിശോധകള്‍ നടത്തവെയാണ് വിമാനത്തിലെ ഓക്സിലറി പവര്‍ യൂണിറ്റിന് തീപിടിച്ചത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് എയര്‍പോര്‍ട്ടിലെ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 

ദില്ലി: അറ്റകുറ്റപണികള്‍ക്ക് പണമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിഭാഗത്തില്‍ പെടുന്ന നാല് വിമാനങ്ങള്‍ കട്ടപ്പുറത്തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പതിവ് പരിശോധനകള്‍ക്കിടെ തീപിടിച്ചാണ് ഒരു വിമാനം കൂടി ഉപയോഗിക്കാനാവാതായത്. ഇതോടെ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ സര്‍വീസ് നടത്താനാവാതെ കട്ടപ്പുറത്തായ ഇത്തരം വിമാനങ്ങളുടെ എണ്ണം നാലായെന്ന് 'ദ പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ദില്ലി-സാന്‍‍ഫ്രാന്‍സിസ്കോ സര്‍വീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം പതിവ് പരിശോധകള്‍ നടത്തവെയാണ് വിമാനത്തിലെ ഓക്സിലറി പവര്‍ യൂണിറ്റിന് തീപിടിച്ചത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് എയര്‍പോര്‍ട്ടിലെ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചെറിയ അപകടമെന്നാണ് എയര്‍ ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും വിമാനം അറ്റകുറ്റപ്പണി നടത്താതെ ഉപയോഗിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്.

ബോയിങ് 777 വിഭാഗത്തില്‍ പെടുന്ന 18 വിമാനങ്ങളാണ് എയര്‍ ഇന്ത്യക്കുള്ളത്. തകരാറുകള്‍ പരിഹരിക്കാന്‍ പണമില്ലാത്തതിനാല്‍ ഒരു മാസത്തോളമായി ഈ വിഭാഗത്തില്‍ പെടുന്ന മൂന്ന് വിമാനങ്ങള്‍ പറക്കുന്നില്ല. കഴിഞ്ഞ ദിവസം ഒരെണ്ണം കൂടി തകരാറിലായി. സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ ഫണ്ടില്ലെന്നും അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ഈ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധിമൂലം സര്‍വീസ് നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്സ് അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളില്‍ ഉപയോഗിച്ചിരുന്ന വിമാനങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമവും എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബോയിങ് 777 വിഭാഗത്തില്‍ പെടുന്ന 10 വിമാനങ്ങളാണ് ജെറ്റ് എയര്‍വേയ്സിനുള്ളത്. ഇവ വാടകയ്ക്ക് എടുക്കാനാവുമോയെന്നാണ് ആലോചന.

എന്നാല്‍ തകരാറുകള്‍ക്ക് കാരണം വിമാനത്തിന്റെ കാലപ്പഴക്കമെല്ലെന്നാണ് പൈലറ്റുമാരുടെ അഭിപ്രായം. 30 വര്‍ഷത്തിലധികം ഉപയോഗിക്കാവുന്നവയാണ് ബോയിങ് 777 വിമാനങ്ങള്‍. കഴിഞ്ഞ ദിവസം തീപിടിച്ച വിമാനം എട്ട് വര്‍ഷം മാത്രം സര്‍വീസ് നടത്തിയതാണ്. കഴിഞ്ഞ വര്‍ഷം സെ‍പ്‍തംബറില്‍ ദില്ലി ന്യൂയോര്‍ക്ക് വിമാനം ഗുരുതര യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയിരുന്നു. അത്ഭുതകരമായാണ് അന്ന് യാത്രക്കാരും ജീവനക്കാരും രക്ഷപെട്ടത്. ഒന്‍പത് വര്‍ഷം മാത്രം പഴക്കമുണ്ടായിരുന്ന വിമാനമായിരുന്നു അന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. 

വിമാനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തിയാല്‍ പതിറ്റാണ്ടുകളോളം അവ പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാമെന്നാണ് പൈലറ്റുമാര്‍ വ്യക്തമാക്കുന്നത്. വിമാനങ്ങള്‍ക്ക് ദിവസേന അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ചില യൂണിറ്റുകള്‍ നിശ്ചിത കാലയളവില്‍ മാറ്റേണ്ടതുണ്ട്. പരിപാലന ചിലവിനുള്ള പണമില്ലെങ്കില്‍ ജെറ്റ് എയര്‍വേയ്സിന്റെ വിധി തന്നെയാവും എയര്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

click me!