
ദോഹ: ദോഹയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക.
ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45ന് മുംബൈയില്‍ എത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ച്ച് 19 വരെ ബുക്കിങ് ലഭ്യമാണെന്ന് എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ കാണിക്കുന്നുണ്ട്.
ലഭ്യമായ സ്ലോട്ടുകള്‍ അനുസരിച്ച് ഇന്ത്യക്കും ഖത്തറിനുമിടയില്‍ ദില്ലി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ ചേര്‍ക്കാന്‍ വിമാന കമ്പനി പദ്ധതിയിടുന്നുണ്ട്. കൊല്‍ക്കത്ത, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും പദ്ധതിയിലുണ്ട്.
ടിക്കറ്റ് നിരക്ക് കുതിക്കുന്നു; യുഎഇയിലെത്താന്‍ മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിച്ച് പ്രവാസികള്‍
ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബൈയിലേക്കും ഖത്തറിലേക്കുമുള്ള യാത്രക്കാരുടെ വര്‍ധന പ്രയോജനപ്പെടുത്താനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്. യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് ഉയര്‍ത്താനൊരുങ്ങുന്നത്.
ദുബൈയില്‍ നിന്ന് വിമാന മാര്‍ഗം ഒരു മണിക്കൂറില്‍ ഖത്തറിലെത്താം. ലോകകപ്പ് ഫുട്‌ബോളിനായി 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാല്‍ ആരാധകര്‍ ദുബൈയില്‍ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്‍ക്കത്തയ്ക്കും ദുബൈയ്ക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam