
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ കശ്മീര്‍ വിഷയമടക്കം മേഖലയിലെ പല വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ചയാണ് അജിത് ഡോവല്‍ സൗദിയിലേക്ക് തിരിച്ചത്. കഴിഞ്ഞ മാസം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരനെ കണ്ടതിന് പിന്നാലെയായിരുന്നു അജിത് ഡോവലിന്റെ സന്ദർശനം. ജമ്മു കശ്മീരിലെ ഇന്ത്യന്‍ നീക്കങ്ങളോട് അനുകൂലമായ പ്രതികരണം സൗദി രാജകുമാരന്റെ ഭാഗത്ത് നിന്നുമുണ്ടായതായാണ് റിപ്പോർട്ട്.
ആഗസ്റ്റിലാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനാ അനുച്ഛേദം 370 സർക്കാർ എടുത്തുകളഞ്ഞത്. തുടർന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കശ്മീരിന്റ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളകാൻ തുടങ്ങിയത്. കശ്മീർ വിഷയത്തിൽ ഇടപ്പെടണമെന്ന് ഇമ്രാൻ ഖാൻ യുഎന്നിനെ സമീപിച്ചിരുന്നുന്നെങ്കിലും ഇരുവരും ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നായിരുന്നു യുഎന്നിന്റെ തീരുമാനം.
കശ്മീർ വിഷയത്തിൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടാനുള്ള ഇമ്രാന്‍ ഖാന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്താമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നെങ്കിലും ആരുടെയും ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. ചൈന മാത്രമാണ് പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയ ഒരേയൊരു രാജ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam