കൊവിഡ് ബാധിച്ച് മരിച്ച വിദേശ ദമ്പതികളുടെ ആറ് കുട്ടികളെയും ഏറ്റെടുത്ത് അജ്മാന്‍ ഭരണാധികാരി

By Web TeamFirst Published May 21, 2020, 4:45 PM IST
Highlights

ഷാര്‍ജയിലെ അല്‍ തൗവാനില്‍ താമസിച്ചിരുന്ന കുട്ടികളുടെ അച്ഛന്‍ മേയ് 18നാണ് മരിച്ചത്. 37കാരിയായിരുന്ന ഇവരുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ച് 23 ദിവസം കഴിഞ്ഞപ്പോഴാണ് അച്ഛനെയും നഷ്ടമായത്. 

അജ്മാന്‍: കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടമായ ആറ് കുട്ടികളെ ഏറ്റെടുത്ത് അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി. സുഡാന്‍ സ്വദേശികളായ കുട്ടികളുടെ അമ്മയും അച്ഛനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ മരണപ്പെടുകയായിരുന്നു. ഇതോടെ പൂര്‍ണമായും അനാഥരായ കുട്ടികളുടെ ജീവിത, പഠന, സാമൂഹിക ചിലവുകളെല്ലാം ശൈഖ് ഹുമൈദ് ഏറ്റെടുത്തുവെന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഷാര്‍ജയിലെ അല്‍ തൗവാനില്‍ താമസിച്ചിരുന്ന കുട്ടികളുടെ അച്ഛന്‍ മേയ് 18നാണ് മരിച്ചത്. 37കാരിയായിരുന്ന ഇവരുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ച് 23 ദിവസം കഴിഞ്ഞപ്പോഴാണ് അച്ഛനെയും നഷ്ടമായത്. തീര്‍ത്തും അനാഥരായ കുട്ടികളെ അച്ഛന്റെ ഒരു ബന്ധു അജ്മാനിലേക്ക് കൊണ്ടുവന്നു. നാല് മുതല്‍ 16 വയസുവരെ പ്രായമുള്ള ഇവരുടെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധി വ്യക്തികളും സംഘടനകളും സഹായഹസ്തവുമായെത്തി.

സ്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിനാല്‍ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. സന്നദ്ധ സംഘടനയായ ദാറുല്‍ ബൈര്‍ സൊസൈറ്റി, കുട്ടികളുടെ സ്കൂള്‍ ഫീസും താമസ ചിലവുകളും ഏറ്റെടുക്കാന്‍ തയ്യാറായി. ബന്ധുവിന്റെ വീടിനടുത്ത് സംഘടന ഒരു അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്ത് നല്‍കുകയും പ്രതിമാസ ചിലവിനുള്ള പണം നല്‍കുമെന്നും അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം കുട്ടികളെ സ്കൂളില്‍ അയക്കും. ട്യൂഷന്‍ ഫീസിനത്തില്‍ 50,000 ദിര്‍ഹമാണ് സംഘടന നല്‍കിയത്. 

കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് അപ്പാര്‍ട്ട്മെന്റില്‍ ഫര്‍ണച്ചറുകള്‍ സജ്ജമാക്കുമെന്നും സംഘടന അറിയിച്ചു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കുട്ടികളെ ചിലവുകള്‍ മുഴുവന്‍ അജ്‍മാന്‍ ഭരണാധികാരി ഏറ്റെടുത്തത്. അനാഥകളെ സംരക്ഷിക്കണമെന്ന ഇസ്‍ലാമിക അധ്യാപനവും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള  യുഎഇയുടെ സംസ്കാരവും പിന്തുടരുന്നതാണ് ഭരണാധികാരിയുടെ പ്രവൃത്തിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

click me!