
ജിദ്ദ: സൗദിയുടെ തന്നെ അഭിമാനമായി മാറിയ അല്‍ ഹറമൈന്‍ അതിവേഗ റെയില്‍വേ സ്റ്റേഷനിലുണ്ടായ തീപിടുത്തം അവശേഷിപ്പിച്ചത് വലിയൊരു ചാരക്കൂമ്പാരം മാത്രം. പുതിയതായി ആരംഭിച്ച റെയില്‍വേ സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. ജിദ്ദയിലെ സുലൈമാനിയ ജില്ലയില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. വന്‍നാശനഷ്ടമുണ്ടാക്കിയ തീപിടുത്തത്തോടെ അനിശ്ചിതകാലത്തേക്ക് അതിവേഗ റെയില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
92 ഫയല്‍ എഞ്ചിനുകളും അഗ്നിശമന സേനയുടെ 24 സംഘങ്ങളും 900 വാട്ടര്‍ ടാങ്കറുകളും ചേര്‍ന്ന് 15 മണിക്കൂറിലധികം പരിശ്രമിച്ചാണ് തീയണച്ചത്. സ്റ്റേഷന്റെ രണ്ടാം നില പൂര്‍ണമായി കത്തിനശിച്ചു. അത്യാധുനിക ഉപകരണങ്ങളും ഹൈടെക് മെഷീനുകളുമെല്ലാം ചാരമായി മാറി. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അന്വേഷണ റിപ്പോര്‍ട്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിക്കുമെന്നും രാജാവിന്റെ ഉപദേശകനും മക്ക പ്രവിശ്യാ ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ സൗദി ഭരണാധികാരിയായിരിക്കും തീരുമാനമെടുക്കുക.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്യായമായി ആരെയും അറസ്റ്റ് ചെയ്യില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. 63 ബില്യന്‍ സൗദി റിയാല്‍ ചിലവിട്ട് പൂര്‍ത്തീകരിച്ച അല്‍ ഹറമൈന്‍ അതിവേഗ റെയില്‍വേ കഴിഞ്ഞ വര്‍ഷം സെപ്‍തംബര്‍ 25നാണ് സൗദി ഭരണാധികാരി ഉദ്ഘാടനം ചെയ്തത്. മദ്ധ്യപൂര്‍വദേശത്തെ ഏറ്റവും വേഗതയേറിയ റെയില്‍ സര്‍വീസായ ഇത് മക്കയെയും മദീനയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള 450 ദൂരം 120 മിനിറ്റുകള്‍കൊണ്ടാണ് സര്‍വീസ് നടത്തിയിരുന്നത്. പ്രതിവര്‍ഷം 60 മില്യന്‍ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയോടെയായിരുന്നു ഹറമൈന്‍ റെയില്‍വേയുടെ നിര്‍മാണം. 415 സീറ്റുകളുള്ള 35 ട്രെയിനുകളില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam