
ന്യൂയോര്‍ക്ക്: യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂയോർക്കിൽ തടഞ്ഞിട്ട എമിറേറ്റ്സ് വിമാനം ദുബായിലേക്ക് തിരിച്ചു. ന്യൂയോർക്കിലെ വിശദ പരിശോധനക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്. കടുത്ത പനിയും ചുമയും ബാഝിച്ച വിമാനത്തിലെ പത്തു യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ശ്വാസകോശ സംബന്ധമായ അസുഖ ലക്ഷണങ്ങൾ കണ്ടെത്തിയത് യാത്രക്കാര്‍ക്ക് ‘ഇൻഫ്ലൂവൻസ’ (ഒരു തരം പനി) ആയിരിക്കാമെന്നാണ് പ്രാഥമിമ നിഗമനമെന്ന് ന്യൂയോർക്ക് സിറ്റി ആക്റ്റിങ്ങ് ഹെൽത്ത് കമ്മിഷണർ ഡോ. ഒക്സിറിസ് ബാർബോട്ട് അറിയിച്ചു.
ബുധനാഴ്ച രാവിലെ പ്രദേശിക സമയം ഒന്‍പത് മണിയോടെ 520 യാത്രക്കാരുമായി ദുബായില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങിയ എമിറേറ്റ്സ് 203 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസുഖം ബാധിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ തന്നെ തടഞ്ഞിട്ട് പരിശോധനകള്‍ നടത്താന്‍ ന്യൂയോര്‍ക്കിലെ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത പനിയും ചുമയും ഛര്‍ദ്ദിയും അടക്കം ഫ്ലൂ ലക്ഷണങ്ങളുള്ള പത്തോളം യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ വൈദ്യ പരിശോധന ഇപ്പോഴും തുടരുകയാണ്. മൂന്ന് യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത് എന്നാണ് എമിറേറ്റ്സ് നൽകുന്ന വിവരം. യാത്രക്കാരിൽ ചിലർക്ക് കടുത്ത ചുമയും തൊണ്ടവേദനയും തലവേദനയും അനുഭവപ്പെട്ടതാണ് പ്രശ്നങ്ങൾ അറിയാൻ കാരണമായത്.
90 പേര്‍ക്ക് വിമാനത്തില്‍ വെച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കി. മറ്റ് യാത്രക്കാരെ വിട്ടയച്ചു. ദുബായില്‍ നിന്ന് സൗദിയില്‍ ഇറങ്ങിയ ശേഷമാണ് വിമാനം ന്യൂയോര്‍ക്കില്‍ എത്തിയത്. മക്കയില്‍ നിന്ന് കയറിയ യാത്രക്കാര്‍ക്ക് അസുഖ ലക്ഷണങ്ങള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ദുബായില്‍ നിന്ന് ന്യൂയോർക്കിലേക്കു പോകുകയായിരുന്ന വിമാനത്തിലെ 10 യാത്രക്കാരാണ് അസുഖബാധിതരായതെന്നു വിമാനക്കമ്പനിയുടെ വക്താവ് പറഞ്ഞു. വിമാനം പറന്നിറങ്ങിയ ഉടൻ ഇവര്‍ക്ക് ചികിത്സ നൽകിയതായും അറിയിച്ചു. വിമാനത്തിലെ സ്ഥിതി ഗുരുതരമായിരുന്നുവെന്ന് വിട്ടയച്ച യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കാന്‍ വിമാനം ഇപ്പോഴും തടഞ്ഞിട്ട് പരിശോധനകള്‍ തുടരുന്നു. മലയാളികളടക്കം നൂറോളം ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു. എന്നാല്‍, 100 യാത്രക്കാർ വരെ ബുദ്ധിമുട്ടനുഭവിക്കുന്നതായി യുഎസ് മാധ്യമങ്ങൾ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam