വിശ്വഹിന്ദി ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നാല് കുവൈത്തി പൗരന്മാരെ ഇന്ത്യൻ എംബസി ആദരിച്ചു. ഹിന്ദി ഭാഷയിലുള്ള അറിവും അത് പ്രചരിപ്പിക്കുന്നതിൽ അവർ നൽകുന്ന സാംസ്കാരികമായ സംഭാവനകളും പരിഗണിച്ചാണ് ഈ ബഹുമതി.

കുവൈത്ത് സിറ്റി: ഭാരതീയ ഭാഷകളോടും സംസ്കാരത്തോടും കുവൈത്ത് ജനതയ്ക്കുള്ള വർദ്ധിച്ചുവരുന്ന താല്പര്യത്തിന് തെളിവായി, വിശ്വഹിന്ദി ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നാല് കുവൈത്തി പൗരന്മാരെ ഇന്ത്യൻ എംബസി ആദരിച്ചു. ഹിന്ദി ഭാഷയിലുള്ള അറിവും അത് പ്രചരിപ്പിക്കുന്നതിൽ അവർ നൽകുന്ന സാംസ്കാരികമായ സംഭാവനകളും പരിഗണിച്ചാണ് ഈ ബഹുമതി. മുബാറക് റാഷിദ് അൽ-അസ്മി, സാദ് താഹിർ അൽ-റഷീദി, ഈമാൻ ഹുസൈൻ അൽ-കൂട്ട്, സലാഹ് ഖലഫ് എന്നിവരെയാണ് എംബസി പ്രത്യേകമായി ആദരിച്ചത്.

ലോകമെമ്പാടുമുള്ള ഹിന്ദി ഭാഷാ പ്രചരണത്തിന്‍റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിശ്വഹിന്ദി ദിവസ് (ലോക ഹിന്ദി ദിനം) ചടങ്ങിൽ കുവൈത്തിലെ 25 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 350-ലധികം പേർ പങ്കെടുത്തു. ഹിന്ദി ഭാഷാ പ്രേമികളായ നിരവധി കുവൈത്തി സ്വദേശികളും ചടങ്ങിനെത്തിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഹിന്ദി കവിതാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കവിതകൾ സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

ഇന്ത്യൻ അംബാസഡർ പാരമിത ത്രിപാഠി ചടങ്ങിൽ സംസാരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വഹിന്ദി ദിവസ് സന്ദേശം വായിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആവേശകരമായ പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു. തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഹിന്ദി ഭാഷയെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.