Gulf News : വീട്ടില്‍ കയറി ഓറഞ്ച് മോഷണം; പ്രവാസിക്കെതിരെ യുഎഇ കോടതിയില്‍ നടപടി

By Web TeamFirst Published Nov 26, 2021, 12:26 PM IST
Highlights

ഷാര്‍ജയിലെ വില്ലയില്‍ അതിക്രമിച്ച് കയറി മരങ്ങളില്‍ നിന്ന് ഓറഞ്ച് മോഷ്‍ടിച്ച സംഭവത്തില്‍ പ്രവാസി യുവാവിനെതിരെ കോടതിയില്‍ നടപടി

ഷാര്‍ജ: വില്ലയില്‍ അതിക്രമിച്ച് കടന്ന് ഓറഞ്ച് മോഷ്‍ടിച്ചതിന് പ്രവാസിക്കെതിരെ നടപടി. ഷാര്‍ജയിലെ (Sharjah) ഒരു നിര്‍മാണ തൊഴിലാളിക്കെതിരെയാണ് (construction worker) പരാതി. വീടിന് മുന്നില്‍ നിന്നിരുന്ന ഓറഞ്ച് മരങ്ങളില്‍ നിന്ന് ഇയാള്‍ ഫലങ്ങള്‍ മോഷ്‍ടിച്ചുവെന്നാണ് വീട്ടുമസ്ഥന്റെ ആരോപണം.

വീട്ടുമസ്ഥന്‍ അവധി ആഘോഷിക്കാന്‍ മറ്റൊരിടത്തായിരുന്ന സമയത്തായിരുന്നു മോഷണം നടന്നത്. തിരിച്ചെത്തിയ ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. തൊട്ടടുത്ത കണ്‍സ്‍ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്‍തിരുന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 15 മിനിറ്റോളം വീടിന് മുന്നില്‍ ചുറ്റിക്കറങ്ങി നടന്ന ശേഷമാണ് ഇയാള്‍ ഗേറ്റിനകത്ത് കടന്നത്. കൈവശമുണ്ടായിരുന്ന ബാഗില്‍ ഓറഞ്ച് നിറച്ചുകൊണ്ട് പോവുകയും ചെയ്‍തു.

പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു. മോഷണം പോയ സാധനങ്ങളുടെ മൂല്യത്തേക്കാള്‍ താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ വീട്ടില്‍ കയറിയതാണ് പ്രശ്നമെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് പരാതിക്കാരനെ അറിയില്ലെന്നും ഇതുവരെ ഒരു ബന്ധവും അയാളുമായി ഇല്ലെന്നുമാണ് പ്രതി പറഞ്ഞത്. കേസ് വിധി പറയുന്നതിനായി അടുത്ത മാസത്തേക്ക് മാറ്റി.

click me!