
ദുബൈ: മലയാളത്തിലെ ഏറ്റവും കരുത്തുറ്റ സിനിമാ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണെന്ന് നടന്‍ മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും വിജയ ചരിത്രമുള്ള ആശിര്‍വാദ് സിനിമാസിന്റെ പുതിയ ഓഫീസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്‍ത ശേഷം സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ഇതുവരെ ആശിര്‍വാദ് സിനിമാസ് നിര്‍മിച്ചിട്ടുള്ള 32 ചിത്രങ്ങളിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ് താനും ആശിര്‍വാദും ആന്റണിയും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതാത് കാലഘട്ടങ്ങളിലെ വലിയ ചിത്രങ്ങളാണ് ആശിര്‍വാദ് നിര്‍മിക്കുന്നത്. നല്ല സിനിമകളുടെ ഗുണനിലവാരത്തെയും വൈദഗ്ധ്യത്തെയും ബാധിക്കുന്ന തരത്തില്‍ അതിന്റെ ബജറ്റ് ഒരു തടസമാവാന്‍ പാടില്ല. അതിന് ഉദാഹരണമായിരുന്നു 'മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം'. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഈ ചിത്രത്തിന് കൃത്യമായ ബജറ്റ് ഉണ്ടാക്കാന്‍ പോലും സാധിച്ചിരുന്നില്ല. കൂറ്റന്‍ സെറ്റുകളും അറുപത് ശതമാനത്തിലേറെ ഗ്രാഫിക്സും വലിയ താരനിരയുമുണ്ടായിരുന്ന ചിത്രത്തില്‍ പക്ഷേ അതിന്റെ ലാഭ നഷ്ടക്കണക്കുകള്‍ക്കല്ല, മറിച്ച് ചിത്രത്തിന്റെ ഗുണനിലവാരത്തിനും ശ്രേഷ്ഠതയ്ക്കുമാണ് മുന്‍തൂക്കം കൊടുത്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Read also: ആശിര്‍വാദ് സിനിമാസിന്റെ ദുബായ് ഓഫീസ് ഉദ്‍ഘാടനം ചെയ്‍തു, വീഡിയോ പങ്കുവെച്ച് മോഹൻലാല്‍
പുതിയ ചിന്തകളുണ്ടായ കൊവിഡ് കാലത്ത് സിനിമകളും ഒ.ടി.ടിയിലേക്ക് മാറി. എന്നാല്‍ ആ കാലവും കഴിഞ്ഞുപോകുമ്പോഴാണ് തന്റെ സംവിധാനത്തില്‍ ബറോസ് എന്ന ത്രീഡി ചിത്രം പദ്ധതിയിടുന്നതെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു. സാധാരണ ത്രീഡി ചിത്രത്തിന് മറ്റ് ചിത്രങ്ങളുടെ പത്തിരട്ടി വരെ ചെലവുണ്ടാകും. ഈ ചിത്രത്തിന്റെ ബജറ്റ് ചോദിച്ചവരോട് സിനിമ തീരുന്ന സമയത്തെ ചെലവാണ് ബജറ്റ് എന്നായിരുന്നു ആന്റണിയുടെ മറുപടി. ഈ പോസിറ്റീവ് ചിന്തയാണ് ആന്റണിയുടെയും ആശിര്‍വാദിന്റെയും മേന്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബറോസിന്റെ നിര്‍മാണ ചെലവ് കേരളം പോലുള്ള ഒരു ജനതയ്ക്ക് മാത്രം പിന്തുണ നല്‍കാന്‍ കഴിയുന്നതിന് അപ്പുറമായിരിക്കുമെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ വലിയ ചിത്രങ്ങള്‍ കേരളത്തിലുണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ഒരു അന്താരാഷ്‍ട്ര ഹബ്ബെന്ന നിലയില്‍ ദുബൈയില്‍ ആശിര്‍വാദിന്റെ നിര്‍മാണ, വിതരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 വരെ ഭാഷകളിലേക്ക് ബറോസ് ഡബ്ബ് ചെയ്‍തോ സബ് ടൈറ്റിലുകളോടെയോ പ്രദര്‍ശിപ്പിക്കും. ഈ പദ്ധതി വിജയിക്കാന്‍ എല്ലാ രാജ്യങ്ങളിലും ആശിര്‍വാദിന് സ്വന്തമായി നെറ്റ്‍വര്‍ക്ക് സ്ഥാപിക്കേണ്ടതുണ്ടെന്നും, ആരോടും മത്സരിക്കാനല്ല ഈ സംരംഭം തുടങ്ങുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആശിര്‍വാദിന്റെ ഈ സിനിമാ സംരംഭത്തില്‍ ഏത് മലയാളം സിനിമയ്ക്കും ഇതര ഭാഷാ ചിത്രങ്ങള്‍ക്കും ഈ ശ്യംഖല ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also: വിസ്മയിപ്പിക്കാൻ മോഹൻലാല്‍, 'ബറോസ്' എത്തുക 15 മുതൽ 20 ഭാഷകളിൽ
ബിസിനസ് ബേയിലുള്ള ഫ്രീ ഹോള്‍ഡ് ഓഫീസിലാണ് ആശിര്‍വാദ് സിനിമാസ് പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ ദിവസം ദുബൈയിലെ ഓഫീസ് ഉദ്ഘാടനം ചെയ്‍തതിന്റെ വീഡിയോ മോഹൻലാല്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്‍തിട്ടുണ്ട്. ദുബൈയില്‍ എത്തിയപ്പോള്‍ ഒരു പാൻ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നതിനും മോഹൻലാല്‍ ഒപ്പുവെച്ചിരുന്നു. 'വൃഷഭ' എന്ന ചിത്രത്തിലാണ് മോഹൻലാല്‍ നായകനാകുന്നത്. നന്ദ കിഷോറാണ് സംവിധാനം. ഇക്കാര്യം മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ