ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇതുവരെ ഒമാനില്‍ നിന്ന് നാടണഞ്ഞത് ആയിരത്തില്‍പരം പ്രവാസികള്‍

By Web TeamFirst Published Jul 7, 2020, 11:59 AM IST
Highlights

തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗബാധിതര്‍, സന്ദര്‍ശന വിസയിലെത്തി കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ആശ്രിതരുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ തുടങ്ങിയവരായിരുന്നു യാത്രക്കാര്‍. 

മസ്‌കത്ത്: ഐ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാം ഘട്ടത്തിലൊരുക്കിയ ചാര്‍ട്ടേഡ് വിമാനം മസ്‌കത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കോഴിക്കോടെത്തി. സലാം എയര്‍ വിമാനത്തില്‍ 182 പ്രവാസികളാണ് നാടണഞ്ഞത്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗബാധിതര്‍, സന്ദര്‍ശന വിസയിലെത്തി കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ആശ്രിതരുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ തുടങ്ങിയവരായിരുന്നു യാത്രക്കാര്‍. സൗജന്യ ടിക്കറ്റ് ലഭിച്ചവരും ടിക്കറ്റ് നിരക്കില്‍ 60 ശതമാനം വരെ നിരക്കിളവ് ലഭിച്ചവരും യാത്രക്കാരില്‍ ഉണ്ടായിരുന്നു.

യാത്രക്കാരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായി പി.പി.ഇ കിറ്റും എം 95 മാസ്‌കും യാത്രക്കാര്‍ക്ക് നല്‍കി. സാനിറ്റൈസര്‍ ഉള്‍പ്പടെ മറ്റു അവശ്യ വസ്തുക്കളടങ്ങിയ കിറ്റും  ഐ.സി.എഫ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. നാല് ഘട്ടങ്ങളിലായി 1290 പ്രവാസികളാണ് ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഒമാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. സലാലയില്‍ നിന്നുള്‍പ്പടെ ഏഴ് വിമാനങ്ങളാണ് കേരളത്തിന്റെ മുഴുവന്‍ സെക്ടറുകളിലേക്കുമായി ഐ.സി.എഫിന് കീഴില്‍ ഒമാനില്‍ നിന്ന് സര്‍വീസ് നടത്തിയത്. പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ ആവശ്യം പരിഗണിച്ച് കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് കൂടി അടുത്ത ദിവസങ്ങളില്‍ തന്നെ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു.

click me!