കാര്‍ കഴുകുന്നതിനിടെ പ്രവാസിക്ക് മര്‍ദനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതി പിടിയില്‍

By Web TeamFirst Published Jun 12, 2021, 8:27 PM IST
Highlights


പ്രവാസി യുവാവ് കാര്‍ കഴുകിക്കൊണ്ടിരിക്കെ അടുത്തേക്ക് വരുന്ന സ്വദേശി ഇയാളോട് കയര്‍ക്കുന്നതും വാക്കേറ്റത്തിലേര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. 

മനാമ: ബഹ്റൈനില്‍ പ്രവാസിയെ മര്‍ദിച്ച സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഏഷ്യക്കാരനായ കാര്‍ കഴുകുന്നതിനിടെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്.

പ്രവാസി യുവാവ് കാര്‍ കഴുകിക്കൊണ്ടിരിക്കെ അടുത്തേക്ക് വരുന്ന സ്വദേശി ഇയാളോട് കയര്‍ക്കുന്നതും വാക്കേറ്റത്തിലേര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് യുവാവിന്റെ മുഖത്ത് അടിക്കുന്ന സ്വദേശി ഇയാളുടെ സൈക്കിളും അടുത്തുണ്ടായിരുന്ന ബക്കറ്റും എടുത്ത് എറിയുകയായിരുന്നു. മര്‍ദനമേറ്റ തൊഴിലാളി ആദ്യം നിലത്തിരിക്കുന്നതും പിന്നീട് നിലത്ത് വീണുകിടക്കുന്നതുമാണ് വീഡിയോയിലുള്ളത്.

വീഡിയോ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതോടെ ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉടന്‍ നടപടിയെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വദേശിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ശാരീരികമായി ഉപദ്രവിച്ചതിനുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!