കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വൻ സുരക്ഷാ പരിശോധന. 386 നിയമലംഘനങ്ങൾ കണ്ടെത്തി. പ്രദേശത്തെ നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 386 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വിവിധ കേസുകളിൽ അന്വേഷിച്ചിരുന്ന 47 പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
താമസനിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിക്കുന്നവരെയും വിവിധ കേസുകളിൽ അധികൃതർ അന്വേഷിക്കുന്നവരെയും കണ്ടെത്തുന്നതിനായിരുന്നു പരിശോധനയിൽ പ്രധാന പരിഗണന. അറസ്റ്റിലായവരെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. രാജ്യത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി വിവിധ പ്രദേശങ്ങളിൽ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


