ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ മസ്കത്തിൽ വിതരണം ചെയ്തു

Published : Jun 24, 2023, 11:36 PM IST
ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ മസ്കത്തിൽ വിതരണം ചെയ്തു

Synopsis

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഒമാനിലെ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായ എം.പി വിനോബയ്ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കി. 1993ൽ അധ്യാപകനായി ഒമാനിലെത്തിയ അദ്ദേഹം നിലവിൽ ഇന്ത്യൻ സ്കൂളുകളുടെ സീനിയർ പ്രിൻസിപ്പലാണ്.

മസ്കത്ത്: ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ മസ്കത്തിൽ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി ആറ് അധ്യാപകർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മസ്കത്ത് ഇന്ത്യൻ സ്കൂൾസ് സീനീയർ പ്രിൻസിപ്പൽ എംപി വിനോബയ്ക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സമ്മാനിച്ചത്.

പ്രവാസ ലോകത്ത് അറിവിന്റെ തിരി തെളിയിച്ച്, നയിച്ച ഇന്ത്യൻ അധ്യാപകർക്കുള്ള ജന്മനാടിന്റെ ആദരമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ. മസ്കത്ത് ഷെറാട്ടൺ ഹോട്ടലില്‍ പ്രൗഡഗംഭീരമായ സദസിലായിരുന്നു പുരസ്കാരദാനചടങ്ങ്. 
ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് പുരസ്കാരദാന ചടങ്ങില്‍ മുഖ്യാതിഥിയായ ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡ് ചെയര്‍മാൻ ഫൈസൽ അബ്ദുല്ല അൽ റോവാസ് ചൂണ്ടിക്കാട്ടി.

സലാല ഇന്ത്യൻ സ്കൂളിലെ കിന്‍ഡര്‍ ഗാര്‍ട്ടൻ അധ്യാപികയായ അഞ്ജലി രാധാകൃഷ്ണനാണ് മികച്ച കെ.ജി അധ്യാപികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. കിന്റര്‍ഗാര്‍ട്ടൻ വിദ്യാര്‍ഥികൾക്കായി ഒട്ടേറെ നവീനമായ പാഠ്യരീതികൾ ആവിഷ്കരിച്ചാണ് അഞ്ജലി തന്റെ മികവ് തെളിയിച്ചത്. അവ്നി മിഹിര്‍ ഗാന്ധി ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്കാരവും സ്വന്തമാക്കി. മസ്കത്ത് അൽ വാദി അല്‍ കബീര്‍ സ്കൂളിലെ അധ്യാപികയാണ് അവ്നി.

മസ്കത്ത് അൽ വാദി അല്‍ കബീര്‍ ഇന്ത്യൻ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ വില്യം ഡൊണാൾഡ് സീമന്തി സ്കൂൾ തലത്തിലെ മികച്ച അധ്യാപകനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ക്രിയാത്മകവും ഗുണപരമവുമായ പഠനാന്തരീക്ഷം വിദ്യാര്‍ത്ഥികൾക്കായി ഒരുക്കിയാണ് വില്യം ഡൊണാൾഡ് സീമന്തിയെന്ന അധ്യാപകൻ തന്റെ മികവ് തെളിയിക്കുന്നത്. സ്കൂൾ വിഭാഗത്തില്‍ മബേല ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപകൻ സുധീ‍ര്‍ സി.പി പ്രത്യേക പുരസ്കാരവും സ്വന്തമാക്കി.

അറബ് ഓപ്പൺ യൂണിവേഴ്സിറ്റി കംപ്യൂട്ടര്‍ സയൻസ് വിഭാഗം മേധാവി ഡോ. ഷെറിമോൻ പി.സി മികച്ച കോളേജ് അധ്യാപകനുള്ള പുരസ്കാരം സ്വീകരിച്ചു. അധ്യാപനരംഗത്ത് കാൽ നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള അദ്ദേഹം 2010 മുതൽ ഒമാൻ അറബ് യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഒമാനിലെ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായ എം.പി വിനോബയ്ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കി. 1993ൽ അധ്യാപകനായി ഒമാനിലെത്തിയ അദ്ദേഹം നിലവിൽ ഇന്ത്യൻ സ്കൂളുകളുടെ സീനിയർ പ്രിൻസിപ്പലാണ്.

ഒരു മാസത്തോളം നീണ്ടു നിന്ന നടപടിക്രമങ്ങൾക്ക് ഒടുവിലാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. എംജി സര്‍വകലാശാല മുൻ വൈസ് ചാൻസലര്‍ ജാൻസി ജെയിംസ്, പ്രഫ. എൻപി രാജൻ, മാണി ജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. പല വിഭാഗങ്ങളിലും ശക്തമായ മത്സരമായിരുന്നുവെന്ന് ജൂറി വിലയിരുത്തി. ഒമാനിലെ വിദ്യാഭ്യാസ രംഗത്ത് കയ്യൊപ്പ് പതിപ്പിച്ചവര്‍ക്കുള്ള ആദരമാണ്  പുരസ്കാരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ പി.ജി സുരേഷ്കുമാര്‍ ചൂണ്ടിക്കാട്ടി.

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ കൗൺസില്‍ ജനറല്‍ അബ്ദുല്‍ ഹമീദ് റസൂല്‍ അല്‍ ബലൂഷി, നാഷനൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടര്‍ അലി സൗദ് അൽ ബിമാനി,  ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അധ്യക്ഷനും പ്രശസ്ത നയതന്ത്രജ്ഞനുമായ ടി.പി ശ്രീനിവാസൻ, ഇന്ത്യൻ സ്കൂൾസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്യം തുടങ്ങിയവര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും പുരസ്കാരദാന ചടങ്ങിന് മാറ്റേകി. ഒ‍ഡീസിയും ഒമാനി ബാൻഡിന്റെ സ​ഗീത നിശയും ആസ്വാദകര്‍ക്ക് മനോഹരമായ അനുഭവം സമ്മാനിച്ചു.

Read also: തീര്‍ത്ഥാടകരുടെ എണ്ണം കൊണ്ട് പഴയ പ്രതാപം വീണ്ടെടുക്കുന്ന ഹജ്ജാണ് ഇത്തവണത്തേതെന്ന് സൗദി ഹജ്ജ് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, വിനിമയ നിരക്കിൽ വൻ കുതിപ്പ്, പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല നേരം
കാലാവസ്ഥ പ്രവചനം ശരിയായി, യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ