Baby Born on Flight : 'മിറക്കിള്‍ ഇന്‍ എയര്‍'; വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി

By Web TeamFirst Published Jan 16, 2022, 9:53 PM IST
Highlights

ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു കുഞ്ഞിന്റെ പിറവി. 35 ആഴ്ച ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു ഉഗാണ്ട സ്വദേശിയായ യുവതി.

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് (Qatar Airways) വിമാനത്തില്‍ യുവതി കുഞ്ഞിന് (baby) ജന്മം നല്‍കി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഉഗാണ്ട സ്വദേശിയാണ് വിമാനത്തിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയെ പരിചരിക്കുന്നതില്‍ നേതൃത്വം നല്‍കിയ, വിമാനത്തിലുണ്ടായിരുന്ന ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറായ ഡോക്ടര്‍ ഐഷ കാതിബിന്റെ ട്വീറ്റിലൂടെയാണ് സംഭവം ലോകമറിയുന്നത്.  

ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു കുഞ്ഞിന്റെ പിറവി. 35 ആഴ്ച ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു ഉഗാണ്ട സ്വദേശിയായ യുവതി. 'യാത്രക്കാരില്‍ ഡോക്ടര്‍മാരായി ആരെങ്കിലുമുണ്ടോ എന്ന ഇന്റര്‍കോം വഴി ക്യാബിന്‍ ക്രൂവിന്റെ ശബ്ദം കേട്ടാണ് യാത്രയുടെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ ചെറിയൊരു ആള്‍ക്കൂട്ടം കണ്ടു. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാതമോ മറ്റോ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. സ്ഥലത്തെത്തിയപ്പോള്‍ വിമാനത്തിന്റെ സീറ്റില്‍ പ്രസവവേദന അനുഭവിച്ച് കിടക്കുന്ന യുവതിയെ കണ്ടു. തല വിമാനത്തിന്റെ ഇടനാഴിയിലേക്കും കാലുകള്‍ ജനലിനടുത്തേക്കും വെച്ച് കിടക്കുകയായിരുന്നു യുവതി. കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് അംഗങ്ങളായ ശിശുരോഗ വിദഗ്ധനും മറ്റൊരു നഴ്‌സും സഹായത്തിനെത്തി. മിനിറ്റുകള്‍ കൊണ്ട് വിമാനത്തിന്റെ ഒരു ഭാഗം ലേബര്‍ റൂമാക്കി മാറ്റി. പിറന്നു വീണ കുഞ്ഞിനെ ശിശുരോഗ വിദഗ്ധനായ സഹയാത്രക്കാരന്‍ പരിശോധിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുന്നു. കയ്യടിച്ചും അഭിനന്ദിച്ചും എല്ലാവരും ആ സന്തോഷവാര്‍ത്ത സ്വാഗതം ചെയ്തു'- ഡോ. ഐഷ കാതിബ് വിവരിക്കുന്നു. 

ആകാശത്തെ അത്ഭുതമെന്ന നിലയില്‍ കുഞ്ഞിന് മിറാക്കിള്‍ എന്ന് പേരു നല്‍കുകയും പിന്നീട് ഡോക്ടറുടെ പേരും കൂടി ചേര്‍ത്ത് മിറാക്കിള്‍ ഐഷ എന്ന് നാമകരണം ചെയ്യുകയുമായിരുന്നു. 
 

Is there a doctor on the plane? 🙋🏽‍♀️👩🏽‍⚕️Never thought I’d be delivering a baby on a flight! ✈️ Thanks to the airline crew who helped support the birth of this Miracle in the air! Mom and baby are doing well and healthy! pic.twitter.com/4JuQWfsIDE

— Aisha Khatib, MD (@AishaKhatib)
click me!