
മനാമ: ബഹ്റൈൻ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതിയേർപ്പെടുത്തിയേക്കും. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിർദേശം ബഹ്റൈൻ പാർലമെന്റിൽ ഇന്ന് ചർച്ചക്കുവെച്ച് വോട്ടെടുപ്പ് നടത്തും. പ്രവാസികളെ ബ്ലാക്ക് മാർക്കറ്റ്, ക്രിപ്റ്റോകറൻസി ഇടപാടുകളിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നും ഒരു സാമ്പത്തിക കേന്ദ്രം എന്ന നിലയിൽ രാജ്യത്തെ ബാധിച്ചേക്കാമെന്നും വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ ശൂറാ കൗൺസിൽ ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഈ നിർദേശത്തെ എതിർത്തിരുന്നു.
2023 ഫെബ്രുവരിയിൽ ആണ് ആദ്യ കരട് നിയമം സമർപ്പിച്ചത്. 200 ദിനാറിൽ താഴെയുള്ള ട്രാൻസാക്ഷനുകൾക്ക് ഒരു ശതമാനവും 201 മുതൽ 400 ദിനാർ വരെയുള്ള ട്രാൻസ്ഫറുകൾക്ക് രണ്ട് ശതമാനവും 400 ദിനാറിന് മുകളിലുള്ള തുകയ്ക്ക് 3 ശതമാനവും നികുതി ഏർപ്പെടുത്തുന്ന ത്രിതല നികുതി സമ്പ്രദായമായിരുന്നു ആദ്യ കരട് നിയമം മുന്നോട്ട് വെച്ചത്. പിന്നീട് ഇത് നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമാകുകയായിരുന്നു.
Read also: മദ്യം നിർമിച്ചതിനും വിൽപ്പന നടത്തിയതിനും പ്രവാസി അറസ്റ്റിൽ
രാജ്യം എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനും പ്രവാസികൾ സമ്പാദിക്കുന്ന മുഴുവൻ പണവും നാട്ടിലേക്ക് അയക്കുന്നത് തടഞ്ഞ് ബഹ്റൈനിൽ തന്നെ ക്രയവിക്രയം നടത്താനുമാണ് ഈ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരു ഗൾഫ് രാജ്യവും പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതിയേർപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ജോലിക്കായി ഗൾഫ് രാജ്യങ്ങളിലേക്കെത്തുന്നതും. നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ നികുതിയേർപ്പെടുത്തുകയെന്ന തീരുമാനം ബഹ്റൈൻ പാർലമെന്റ് അംഗീകരിച്ചാൽ മലയാളികളുൾപ്പെടുന്ന വലിയൊരു വിഭാഗം പ്രവാസി സമൂഹത്തിന് വൻ തിരിച്ചടിയുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ