
മനാമ: ബഹ്റൈനില്‍ ഒപ്പം താമസിച്ചിരുന്ന കാമുകിയെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന സംഭവത്തില്‍ ഇന്ത്യക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷാ വിധിക്കെതിരെ പ്രതി നല്‍കിയ അന്തിമ അപ്പീലും കോടതി നിരസിച്ചു. തനിക്ക് സ്വൈര്യം തരാതെ ബഹളം വെച്ചതില്‍ പ്രകോപിതനായാണ് 28 വയസുകാരിയെ താഴേക്ക് എറിഞ്ഞതെന്ന് പ്രതി പറഞ്ഞിരുന്നു.
ഇന്ത്യക്കാരനായ 31 വയസുകാരന്‍, ഒരു യുക്രൈന്‍ സ്വദേശിനിയോടൊപ്പമാണ് അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യുവതിയുടെ ജോലി നഷ്ടമായതിനെച്ചൊല്ലി ഉണ്ടായ സംസാരങ്ങളാണ് തര്‍ക്കത്തിലെത്തിയത്. വാഗ്വാദത്തിനൊടുവില്‍ യുവതിയെ പ്രതി എടുത്തുയര്‍ത്തി ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ പതിച്ച ഇവര്‍ ഗുരുതരമായ പരിക്കുകള്‍ കാരണം മരണത്തിന് കീഴടങ്ങി. തലയോട്ടിയിലേറ്റ ഗുരുതരമായ പരിക്കുകളാണ് മരണ കാരണമായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ബഹളമുണ്ടാക്കരുതെന്നും സ്വൈരം തരണമെന്നും താന്‍ പലവട്ടം മുന്നറിയിപ്പു നല്‍കിയതായി പ്രതി പറയുന്നു. രാവിലെ അഞ്ച് മണിക്ക് ജോലിക്ക് പോകേണ്ടതുള്ളതിനാല്‍ തന്നെ ഉറങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതൊന്നും യുവതി വകവെയ്ക്കാതെ വന്നപ്പോള്‍ ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് ചെയ്‍തുപോയതാണ് കുറ്റകൃത്യമെന്നും പ്രതി വാദിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 25ന് കേസില്‍ ഹൈ ക്രിമിനല്‍ കോടതി പ്രതിക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിനെതിരെ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ തള്ളി. തുടര്‍ന്ന് പരമോന്നത കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീലാണ് ഇന്നലെ തള്ളിയത്. ഇതോടെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പായി. തന്റെ ചെയ്‍തികള്‍ക്ക് യുവാവ് പൂര്‍ണമായും ഉത്തരവാദിയാണെന്നും തര്‍ക്കങ്ങള്‍ക്കിടെ ഇയാള്‍ പലവട്ടം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും വിധിന്യായത്തില്‍ പറയുന്നു.
ഇരുവരും കിടക്കയില്‍ ഇരുന്നാണ് സംസാരിച്ചത്. അടിവസ്‍ത്രങ്ങള്‍ മാത്രമായിരുന്നു ധരിച്ചിരുന്നതും. തര്‍ക്കം മൂത്തപ്പോള്‍ യുവതി ഉച്ചത്തില്‍ ബഹളം വെച്ചു. ഇതോടെ അവരെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുകയും പൊക്കിയെടുത്ത് ജനലിലൂടെ താഴേക്ക് എറിയുകയുമായിരുന്നുവെന്ന് വിധിയില്‍ പറയുന്നു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും വിധിയിലുണ്ട്.
Read also: തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam