വായ്പ എടുത്ത് മുങ്ങിയ ഇന്ത്യക്കാരെ പിടികൂടാന്‍ യുഎഇ ബാങ്കുകള്‍

By Web TeamFirst Published Feb 10, 2020, 9:34 PM IST
Highlights

വായ്പയെടുത്ത് ഇന്ത്യയിലേക്കു മുങ്ങുന്ന കേസുകൾ വർധിക്കുകയും കിട്ടാക്കടം ഏറുകയും ചെയ്ത സാഹചര്യത്തിലാണ് യുഎഇയിലെ ബാങ്കുകള്‍ കടുത്ത നടപടികൾക്കൊരുങ്ങുന്നത്.

ദില്ലി: വായ്പ എടുത്തു രാജ്യം വിട്ട ഇന്ത്യക്കാരെ പിടിക്കാൻ യുഎഇയിലെ ഒമ്പത് ബാങ്കുകൾ നിയമോപദേശം തേടി. എന്നാല്‍ കമ്പനി ഉടമകൾക്കെതിരെയുള്ള യുഎഇ ബാങ്കുകളുടെ നടപടി എളുപ്പമാകില്ലെന്നാണ് സൂചന. വായ്പയെടുത്ത് ഇന്ത്യയിലേക്കു മുങ്ങുന്ന കേസുകൾ വർധിക്കുകയും കിട്ടാക്കടം ഏറുകയും ചെയ്ത സാഹചര്യത്തിലാണ് യുഎഇയിലെ ബാങ്കുകള്‍ കടുത്ത നടപടികൾക്കൊരുങ്ങുന്നത്. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള  നിലയിലാണു ബാങ്കുകളുടെ ആദ്യഘട്ട നടപടികള്‍. മുൻപ് ചെറിയ തുക വായ്പയെടുത്തവർക്കെതിരെ കേസുകൾ നൽകാറില്ലായിരുന്നെങ്കിലും ഇനി ഇത്തരക്കാർക്കെതിരെയും സിവിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം. യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിൽ ജില്ലാ കോടതികൾ വഴി നടപ്പാക്കാമെന്ന കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ മാസത്തെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാങ്കുകൾ നടപടി തുടങ്ങിയത്. 

യുഎഇ ആസ്ഥാനമായ ബാങ്കുകളും അബുദാബി, ദുബായ് എന്നിവിടങ്ങളിൽ ശാഖകളുള്ള ഒൻപതോളം ബാങ്കുകളുമാണ് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം പ്രഖ്യാപിച്ച വിധികൾ മാത്രമേ ഇന്ത്യയിൽ നടപ്പാക്കാവൂ എന്നാണു വ്യവസ്ഥ. എന്നാൽ, ഇപ്രകാരം വിധി സമ്പാദിച്ചിട്ടുള്ള കേസുകൾ കുറവാണെന്നതാണു ബാങ്കുകൾക്ക് മുന്നിലുള്ള പ്രധാന പ്രശ്നം. കേസ് വാദം കേട്ടു തുടങ്ങുന്നതിനു മുമ്പ് രാജ്യം വിട്ടവർക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അനധികൃത വഴികളിലൂടെ പണം തിരിച്ചുപിടിക്കാനുള്ള വിദേശ ബാങ്കുകളുടെ ശ്രമം നേരത്തേ കോടതിവിധിയിലൂടെ തടഞ്ഞിരുന്നു.
 

click me!