പ്രവാസികളേ ആ സന്തോഷം ഇതാ തിരിച്ചെത്തി; ഇന്ന് മുതൽ വീണ്ടും ബിഗ് ടിക്കറ്റ് എടുക്കാം, നറുക്കെടുപ്പ് ജൂൺ മൂന്നിന്

Published : May 09, 2024, 05:13 PM IST
പ്രവാസികളേ ആ സന്തോഷം ഇതാ തിരിച്ചെത്തി; ഇന്ന് മുതൽ വീണ്ടും ബിഗ് ടിക്കറ്റ് എടുക്കാം, നറുക്കെടുപ്പ് ജൂൺ മൂന്നിന്

Synopsis

തിരിച്ചുവരുമ്പോഴും നറുക്കെടുപ്പ് തീയ്യതി ഉൾപ്പെടെ ഒന്നിലും കാര്യമായ മാറ്റമൊന്നും ബിഗ് ടിക്കറ്റ് വരുത്തിയിട്ടില്ല. രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നവർക്ക് മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങുന്നു. എല്ലാ മാസവും ഉറപ്പുള്ള സമ്മാനങ്ങൾ നൽകി മിഡിൽ ഈസ്റ്റിൽ ഏറ്റവും വിശ്വാസമാർജിച്ച അബുദാബി ബിഗ് ടിക്കറ്റ് വ്യാഴാഴ്ചയാണ് തങ്ങളുടെ തിരിച്ചുവരവ് ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. മേയ് ഒൻപതാം തീയ്യതി മുതൽ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകൾ വാങ്ങാം. ജൂൺ മൂന്നാം തീയ്യതി നറുക്കെടുപ്പ് നടക്കും.

ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോഴും നറുക്കെടുപ്പ് തീയ്യതി ഉൾപ്പെടെ ഒന്നിലും കാര്യമായ മാറ്റമൊന്നും ബിഗ് ടിക്കറ്റ് വരുത്തിയിട്ടില്ല. മേയ് മാസത്തിലുടനീളം ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന് ഒരു കോടി ദിർഹമായിരിക്കും ജൂൺ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിക്കുക. നേരത്തെ ഉണ്ടായിരുന്നതുപോലെ രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നവർക്ക് മൂന്നാമത് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

ഇക്കഴി‌ഞ്ഞ ഏപ്രിൽ മാസത്തിലാണ് പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് അബുദാബി ബിഗ് ടിക്കറ്റ് അധികൃതരിൽ നിന്ന് പുറത്തുവന്നത്. ഏപ്രിൽ ഒന്നാം തീയ്യതി മുതൽ പ്രവ‍ർത്തനങ്ങൾ താത്കാലികമായി നിർത്തുകയായിരുന്നു. യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചത്.

എന്നാൽ പ്രവർത്തനത്തിലെ താത്കാലിക വിരാമം തങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും യുഎഇയിൽ ജനറൽ കൊമേഷ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചതിന് ശേഷം നടപ്പിൽ വന്ന പുതിയ നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിച്ചതായി ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നു. ഇതിലൂടെ പൂർണമായും നിയമപരവും സുരക്ഷിതവുമായ വാണിജ്യ ഗെയിമിങ് അന്തരീക്ഷം ഉറപ്പുവരുത്തിയെന്നും ബിഗ് ടിക്കറ്റ് അറിയിപ്പിൽ പറയുന്നുണ്ട്.

32 വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിലൂടെ കോടീശ്വരന്മാരായവരിൽ ഏറെയും പ്രവാസികളാണ്. അതിൽ തന്നെ ഏറ്റവുമധികം പേർ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും. രാജ്യത്തെ സ്ഥിര താമസക്കാർക്കും സന്ദർശകർക്കും ലോക നിലവാരത്തിലുള്ള ഗെയിമിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യമാണ് നിറവേറ്റുന്നതെന്നും ബിഗ് ടിക്കറ്റ് അവകാശപ്പെടുന്നു. 

യുഎഇക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലോ ഇതര രാജ്യങ്ങളിലോ താമസിക്കുന്ന പ്രവാസികളും ബിഗ് ടിക്കറ്റിൽ ധാരാളമായി പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ടിക്കറ്റെടുത്ത് സമ്മാനങ്ങൾ നേടുന്നവരും നിരവധിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട