പ്രവാസിയിൽ നിന്ന് പിടികൂടിയത് വൻ ലഹരിമരുന്ന് ശേഖരം. ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ അതീവ ജാഗ്രതയോടെ നടത്തിയ നീക്കത്തിലാണ് റോയൽ ഒമാൻ പൊലീസ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. 

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി റോയൽ ഒമാൻ പൊലീസ്. അതീവ ജാഗ്രതയോടെ നടത്തിയ നീക്കത്തിലൂടെയാണ് ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഷിനാസ് വിലായത്തിൽ വെച്ചാണ് ഏഷ്യൻ വംശജനായ ഒരാളെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്റ്റൽ മെത്ത് എന്ന നിരോധിത ലഹരിമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. നോർത്ത് ബാത്തിന പൊലീസ് കമാൻഡ് കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിന്തുടരുകയും ലഹരിമരുന്ന് കൈമാറുന്നതിനിടെ വളയുകയുമായിരുന്നു. പിടിച്ചെടുത്ത ലഹരിമരുന്ന് രാജ്യത്തിനകത്ത് വിതരണം ചെയ്യാനും ഉപയോഗിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

അറസ്റ്റിലായ വ്യക്തി നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നും ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്തിനെതിരെ കർശനമായ നിലപാടാണ് ഒമാൻ അധികൃതർ സ്വീകരിച്ചുവരുന്നത്.

Scroll to load tweet…