
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ ഷിമാലിയയിലെ താമസസ്ഥലത്ത് ഇന്ത്യൻ യുവതി കൊലപ്പെടുത്തിയ മൂന്ന് മക്കളുടെ മൃതദേഹങ്ങൾ നാളെ ഖബറടക്കും. കഴിഞ്ഞ ആഴ്ചയാണ് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നത്. തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മൂന്നു വയസുകാരനായ മുഹമ്മദ് യുസുഫ് അഹമ്മദ്, ഇരട്ടകളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
മുഹമ്മദ് ഷാനവാസിന്റെ ഭാര്യയാണ് സൈദ. ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ശേഷം ജീവനൊടുക്കാൻ ശ്രമിക്കവേ യുവതി കാൽവഴുതി വീണ് ബോധം നഷ്ടപ്പെട്ടു. പിന്നീട് ഭർത്താവ് എത്തി വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. ആറ് മാസം മുമ്പാണ് കുടുംബം സന്ദർശന വിസയിൽ സൗദിയിലെത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്കും ജീവനൊടുക്കാനുള്ള ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. എന്നാൽ ഭാര്യക്ക് മാനസിക പ്രശ്‌നമുള്ളതായി ഭാർത്താവ് ആരോപിച്ചു. യുവതി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളുടെ മൃതദേഹങ്ങൾ നാളെ ദമ്മാമിലെ അൽ ഖോബാർ ഖബർസ്ഥാനിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകരായ നാസ് വക്കത്തിന്റെയും കബീർ കൊണ്ടോട്ടിയുടെയും നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ