റിയാദിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Sep 08, 2026, 10:39 AM IST
malayali died in riyadh

Synopsis

റിയാദിലെ ആശുപത്രിയിൽ നിന്ന് കാണാതായ തൃശൂർ സ്വദേശി ടിൻസനെ (38) മാസങ്ങൾക്ക് ശേഷം ബത്ഹയിലെ ഒരു കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണവും കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ഇദ്ദേഹത്തിൻ്റെ മൃതദേഹം, കെ.എം.സി.സി വെൽഫെയർ വിങ്ങിൻ്റെ സഹായത്തോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു.

റിയാദ്: ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയി മാസങ്ങളോളം റിയാദ് ബത്ഹയിൽ അലഞ്ഞുതിരിഞ്ഞുനടന്ന് ഒടുവിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി യുവാവിെൻറ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരി പാലക്കൽ പരേതനായ തോമസിെൻറ മകൻ ടിൻസെൻറ (38) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

കഴിഞ്ഞ മാസം 22-ന് വൈകീട്ടാണ് ബത്ഹയിലെ ബഹുനില കെട്ടിടത്തിെൻറ വരാന്തയിൽ ഇയാളെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിെൻറ സജീവമായ ഇടപെടലിനെത്തുടർന്നാണ് നാട്ടിലേക്ക് അയച്ചത്.

ഈ വർഷം മെയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റിയെങ്കിലും, പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുൻപ് തന്നെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സൗദി അറേബ്യയിലെത്തിയിട്ട് അഞ്ചു വർഷമായ ടിൻസൻ, രണ്ടു വർഷം മുൻപ് വരെ റിയാദ് എക്സിറ്റ് 17-ലെ ഒരു ടയർ കടയിലാണ് ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നതിനാൽ ഇയാളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ജോലിയും പണവുമില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാത്തതിെൻറ കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇയാൾ എന്ന് മുൻപ് സാമൂഹികപ്രവർത്തകരോട് പറഞ്ഞിരുന്നു.

ആശുപത്രിയിൽ നിന്ന് കാണാതായ ടിൻസനെ സാമൂഹികപ്രവർത്തകർ അന്വേഷിച്ച് കണ്ടെത്തുകയും നാട്ടിലേക്ക് അയക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും, ഇയാളുടെ ഭാഗത്തുനിന്ന് സഹകരണമില്ലാതിരുന്നതിനാൽ ആ ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ബത്ഹയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന ഇയാൾ, ഒടുവിൽ ബത്ഹയിലെ കെട്ടിടത്തിെൻറ തിണ്ണയിൽ കിടന്ന് മരിക്കുകയായിരുന്നു. വീട്ടുകാരും ഇയാളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു.

അവിവാഹിതനാണ്. മാതാവ്: റീന തോമസ്. ഏക സഹോദരി: ടീന ബിജു. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ കാര്യങ്ങൾ പൂർത്തീകരിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹത്തിെൻറ സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഒല്ലൂർ സെന്റ് ആൻറണീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യു.എ.ഇയിൽ 17 വർഷങ്ങളുടെ സേവനം ആഘോഷിച്ച് ലുലു എക്സ്ചേഞ്ച്
എമിറേറ്റ്സ് ‍ഡ്രോ: 43,685 വിജയികൾ 77,572 ഡോളർ സമ്മാനം നേടി