'സിലയിടങ്കളില്‍ സിലമനിതര്‍കള്‍' ഒമാനില്‍ പ്രകാശനം ചെയ്തു

By Web TeamFirst Published Jan 23, 2022, 5:04 PM IST
Highlights

ബൗഷറിലെ ഒരു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ഇന്ത്യന്‍  സോഷ്യല്‍ ക്ലബ്  ഒമാന്‍  കേരള  വിഭാഗം കണ്‍വീനര്‍ ശ്രീ. സന്തോഷ് കുമാര്‍, ഒമാനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീ. ബാലകൃഷ്ണന്‍. കെ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

മസ്‌കറ്റ്: പ്രമുഖ ഫോട്ടോഗ്രാഫറും, ഡോക്യുമെന്ററി സംവിധായകനും, നടനുമായ ശ്രീ. അരുണ്‍ പുനലൂരിന്റെ ആദ്യ പുസ്തകം 'സിലയിടങ്കളില്‍ സിലമനിതര്‍കള്‍' ഒമാനില്‍ പ്രകാശനം (Book Release) ചെയ്തു.

ബൗഷറിലെ ഒരു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ഇന്ത്യന്‍  സോഷ്യല്‍ ക്ലബ്  ഒമാന്‍  കേരള  വിഭാഗം കണ്‍വീനര്‍ ശ്രീ. സന്തോഷ് കുമാര്‍, ഒമാനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീ. ബാലകൃഷ്ണന്‍. കെ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. അരുണ്‍ പുനലൂരിനു വേണ്ടി സുഹൃത്ത് നന്ദനന്‍ ആയിരുന്നു പുസ്തകങ്ങള്‍ കൈമാറിയത്.പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു.

2015 മുതല്‍ അരുണ്‍ പുനലൂര്‍  ഫേസ്ബുക്കില്‍ എഴുതിയ അനുഭവക്കുറിപ്പുകള്‍ , യാത്രാ വിവരണങ്ങള്‍, കഥകള്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടുത്ത 61 എഴുത്തുകളാണ് പുസ്തകത്തില്‍ ഉള്ളത്. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി കവര്‍ ചിത്രമാകുന്ന പുസ്തകത്തിനു മാധ്യമ പ്രവര്‍ത്തകനായ പ്രേം ചന്ദ് ആണ് അവതാരിക എഴുതിയിട്ടുള്ളത്. റസൂല്‍ പൂക്കുട്ടി, നാദിര്‍ഷാ, എഴുത്തുകാരായ എബ്രഹാം മാത്യു, ഇന്ദുമേനോന്‍ എന്നിവര്‍ ആസ്വാദന കുറിപ്പുകള്‍ എഴുതിയിരിക്കുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ രതീഷ് രവിയാണ് കവര്‍ ചിത്രം വരച്ചത്.

ഹിന്ദി, തമിഴ്, മാറാത്തി, കന്നഡ, മലയാളം സിനിമാ മേഖലയില്‍ നിന്നുള്ള നടീനടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും , രാഷ്ട്രീയ, സാമൂഹിക,മാധ്യമ, സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരുടെയും സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വഴിയാണ് പുസ്തകത്തിന്റെ കവര്‍ റിലീസ് നിര്‍വ്വഹിച്ചത്. ബിഎസ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധനം.


 

click me!