യുഎഇയുടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾക്ക് നേതൃത്വം നൽകാൻ സ്വദേശി ക്യാപ്റ്റന്മാരായ ഇബ്രാഹിം അൽ ഹമ്മാദിയും സാറ അൽ മസ്‌റൂയിയും തയ്യാറായി. രാജ്യത്തെ ആദ്യ വനിതാ ട്രെയിൻ ക്യാപ്റ്റൻ എന്ന ബഹുമതി സാറ സ്വന്തമാക്കി. 

അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ സർവീസുകൾ നിയന്ത്രിക്കാൻ സ്വദേശി ക്യാപ്റ്റന്മാർ. ഇബ്രാഹിം അൽ ഹമ്മാദി, സാറ അൽ മസ്‌റൂയി എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിന്‍റെ ഭാഗമായി രാജ്യത്തെ ആദ്യ പാസഞ്ചർ ട്രെയിൻ ക്യാപ്റ്റന്മാരാകുന്നത്. ഈ വർഷം അവസാനത്തോടെ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കാനിരിക്കെ, ട്രെയിൻ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകാൻ ഇരുവരും പൂർണ്ണ സജ്ജരാണെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പരിശീലനവും പ്രൊഫഷണലിസവും

അന്താരാഷ്ട്ര നിലവാരത്തിലുള്ള കഠിനമായ പ്രായോഗിക പരിശീലനങ്ങൾ പൂർത്തിയാക്കിയാണ് ഇരുവരും ഈ നേട്ടത്തിലെത്തിയത്. റെയിൽവേ സിസ്റ്റം, സുരക്ഷാ മാനദണ്ഡങ്ങൾ, ആധുനിക ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ എന്നിവയിൽ ഇവർ വിദഗ്ധ പരിശീലനം നേടി. നേരത്തെ ഗുഡ്‌സ് ട്രെയിനുകൾ ഓടിച്ച് പരിചയമുള്ള ഇവർക്ക് ആ അനുഭവം പാസഞ്ചർ സർവീസിലേക്ക് മാറാൻ കരുത്തേകി.

ചരിത്രം കുറിച്ച് സാറ അൽ മസ്‌റൂയി

യുഎഇയിലെ ആദ്യ വനിതാ ട്രെയിൻ ക്യാപ്റ്റൻ എന്ന റെക്കോർഡാണ് സാറ അൽ മസ്‌റൂയി സ്വന്തമാക്കിയത്. "ട്രെയിൻ ഓടിക്കുക എന്നത് വെറുമൊരു ജോലിയല്ല, മറിച്ച് ജനങ്ങളുടെ ദൈനംദിന ജീവിതം ലളിതമാക്കാനും രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളിയാകാനുമുള്ള അവസരമാണെന്ന്," സാറ പറഞ്ഞു. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്നും അവർ കൂട്ടിച്ചേർത്തു.

ഇബ്രാഹിം അൽ ഹമ്മാദി

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ എൻജിനീയറിങ് അടിത്തറ പാകിയ ഇബ്രാഹിം, രാജ്യത്തെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി. രാജ്യത്തെ 11 നഗരങ്ങളെയും മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന 13 13 അത്യാധുനിക ട്രെയിനുകളാണ് പാസഞ്ചർ സർവീസിനായി സജ്ജമാകുന്നത്. ഒരു ട്രെയിനിൽ ഏകദേശം 400 യാത്രക്കാർക്ക് സഞ്ചരിക്കാം. സുരക്ഷിതവും സുസ്ഥിരവും ആധുനികവുമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നത്. സ്വദേശി യുവാക്കൾക്ക് സാങ്കേതിക മേഖലകളിൽ ഉന്നത പദവികൾ നൽകി ശാക്തീകരിക്കുന്ന യുഎഇ ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.