സദ്‍ഗുരു നയിക്കുന്ന സേവ് സോയില്‍ മൂവ്മെന്റിന് പിന്തുണയുമായി ബുര്‍ജ് ഖലീഫ

By Web TeamFirst Published Jul 7, 2022, 12:30 AM IST
Highlights

ഓണ്‍ലൈനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‍തുകൊണ്ട് സദ്‍ഗുരുവും പരിപാടിയില്‍ പങ്കുചേര്‍ന്നു. തന്റെ യാത്രയുടെ സമാപനം ആഘോഷിക്കാനായി ഒത്തുകൂടിയ ജനങ്ങളോട് അദ്ദേഹം സംസാരിച്ചു.  

ദുബൈ: സേവ് സോയില്‍ മൂവ്മെന്റിന് പിന്തുണയുമായി ബുര്‍ജ് ഖലീഫയും. ചൊവ്വാഴ്ച രാത്രിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടി കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്ക് ആകര്‍ഷിക്കുന്ന സന്ദേശങ്ങള്‍ തെളിഞ്ഞത്. രണ്ട് മിനിറ്റ് നീണ്ടുനിന്ന ലൈറ്റ് ആന്റ് ലേസര്‍ ഷോയില്‍ സദ്‍ഗുരു നയിക്കുന്ന സേവ് സോയില്‍ മൂവ്മെന്റിന്റെ സന്ദേശങ്ങളാണ് തെളിഞ്ഞത്. ഒപ്പം ലോക നേതാക്കളില്‍ നിന്നും ശാസ്ത്രജ്ഞരില്‍ നിന്നും സെലിബ്രിറ്റികളില്‍ നിന്നുമെല്ലാം ഈ ഉദ്യമത്തിന് ലഭിച്ച പിന്തുണയും ബുര്‍ജ് ഖലീഫയിലുടെ ചുവരുകളില്‍ തെളിഞ്ഞു. മണ്ണ് സംരക്ഷണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ലണ്ടനില്‍ നിന്ന് ആരംഭിച്ച് ഇന്ത്യയിലേക്ക് 27 രാജ്യങ്ങളിലൂടെയുള്ള സദ്‍ഗുരുവിന്റെ 30,000 കിലോമീറ്റര്‍ ബൈക്ക് യാത്രയുടെ സുപ്രധാന നിമിഷങ്ങളും ബുര്‍ജ് ഖലീഫയിലെ അവതരണത്തില്‍ തെളിഞ്ഞു.

ഓണ്‍ലൈനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‍തുകൊണ്ട് സദ്‍ഗുരുവും പരിപാടിയില്‍ പങ്കുചേര്‍ന്നു. തന്റെ യാത്രയുടെ സമാപനം ആഘോഷിക്കാനായി ഒത്തുകൂടിയ ജനങ്ങളോട് അദ്ദേഹം സംസാരിച്ചു.  കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന ഈ യാത്രയില്‍ 3.9 ബില്യന്‍ ജനങ്ങളിലേക്ക് മണ്ണ് സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാനായി. 74 രാജ്യങ്ങള്‍ മണ്ണ് സംരക്ഷണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും പാതയില്‍ സജീവമായി രംഗത്തിറങ്ങാമെന്ന് സമ്മതിക്കുകയും ചെയ്‍തു. മണ്ണ് സംരക്ഷണത്തില്‍ യുഎഇ ഭരണകൂടം പുലര്‍ത്തുന്ന കാഴ്ചപ്പാടിനെ സദ്‍ഗുരു അഭിനന്ദിക്കുകയും അതിന് നന്ദി പറയുകയും ചെയ്‍തു.

Read also:  മണ്ണ് സംരക്ഷണ പ്രചാരണം രണ്ടാം ഘട്ടത്തിൽ; നിലപാട് വ്യക്തമാക്കി സദ്ഗുരു, 'ജൈവ കൃഷി നഗര വിഡ്ഢിത്തമെന്നും' വിമർശനം

ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, മണ്ണ് സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം മാത്രമേ ആയിട്ടുള്ളൂ എന്ന് ഓര്‍മിപ്പിച്ചു. പദ്ധതികളുടെ പ്രായോഗികവത്കരണത്തിന്റെ വേഗതയാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മനോനില മാറ്റിയെടുക്കാന്‍ സാധിച്ചെന്ന തരത്തില്‍ ഈ മുന്നേറ്റം വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആളുകള്‍ ലോകത്ത് എല്ലായിടത്തും മണ്ണിനെക്കുറിച്ച് സംസാരിക്കുന്നു. മണ്ണ് പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാറുകള്‍ സംസാരിക്കുന്നു, അവയ്ക്കായി പണം നീക്കിവെക്കപ്പെടുന്നു. എന്നാല്‍ പദ്ധതികള്‍ പ്രായോഗികവത്കരിക്ക്പ്പെടുന്നത് വരെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്ടീവ്.എഐ സ്ഥാപകനും സിഇഒയുമായ രഘുസുബ്രമണ്യന്റെ 1ഡിജി ഇന്‍വെസ്റ്റ് മാനേജ്‍മെന്റാണ് ബുര്‍ജ് ഖലീഫയിലെ ഷോ സ്‍പോണ്‍സര്‍ ചെയ്‍തത്. സേവ് സോയില്‍ മൂവ്മെന്റുമായും ഇഷാ ഫൗണ്ടേഷനുമായും സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് രഘു സുബ്രമണ്യന്‍ പറഞ്ഞു.

Read also:  മോട്ടോർ സൈക്കിളിൽ 36,000 കിലോമീറ്റര്‍ ലോകസഞ്ചാരം; സദ്‍ഗുരു ജഗ്ഗി വാസുദേവ് റിയാദിൽ

അടുത്ത തലമുറയ്‍ക്കായി മണ്ണിനെ സംരക്ഷിച്ച് നിര്‍ത്താന്‍ വേണ്ടി തുടരുന്ന പരിശ്രമങ്ങളിലേക്കുള്ള പുതിയ പടിയാണ് തങ്ങളുടെ സഹകരണമെന്ന് മൂവ്മെന്റിന് എല്ലാ പിന്തുണയും അറിയിച്ച യുഎഇ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് അല്‍മെഹിരി പറഞ്ഞു.

ലോകമെമ്പാടുമുള്ള അന്‍പതോളം സുപ്രധാന സ്ഥലങ്ങള്‍ക്കൊപ്പമാണ് സേവ് സോയില്‍ മുന്നേറ്റത്തെ പിന്തുണച്ച് ബുര്‍ജ് ഖലീഫയും അണിനിരന്നത്. നയാഗ്ര വെള്ളച്ചാട്ടം, ജനീവയിലെ ജെറ്റ് ഡി ഇയു, മോണ്ട്രിയല്‍ ഒളിമ്പിക് സ്റ്റേഡിയം, ടൊറണ്ടോ ടി.വി ടവര്‍, മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍, ചെന്നൈയിലും ഹുബ്ലിയിലെയും റെയില്‍വെ സ്റ്റേഷനുകള്‍, ഗോവ അടല്‍ സേതു, ഹൗറ ബ്രിഡ്ജ്, ഹൈദരാബാദിലെ ബുദ്ധപ്രതിമ തുടങ്ങിയവയെല്ലാം ഈ മുന്നേറ്റത്തിന് പിന്തണ പ്രഖ്യാപിച്ചിരുന്നു.

click me!