Asianet News MalayalamAsianet News Malayalam

മോട്ടോർ സൈക്കിളിൽ 36,000 കിലോമീറ്റര്‍ ലോകസഞ്ചാരം; സദ്‍ഗുരു ജഗ്ഗി വാസുദേവ് റിയാദിൽ

മണ്ണിനെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി മാര്‍ച്ച് 21ന് ലണ്ടനില്‍നിന്ന് ആരംഭിച്ചതാണ് യാത്ര
 

Sadhguru reaches Saudi Arabia as part of his journey to protect soil
Author
Riyadh Saudi Arabia, First Published May 17, 2022, 6:17 PM IST

റിയാദ്: മണ്ണിനെ വരാനിരിക്കുന്ന നാശത്തില്‍നിന്ന് സംരക്ഷിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ അടിയന്തര നയപരിപാടികള്‍ വികസിപ്പിച്ചില്ലെങ്കിൽ വരുംതലമുറ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യോഗ ഗുരുവും ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്‍ഗുരു ജഗ്ഗി വാസുദേവ്. മൂന്നു മുതല്‍ ആറു ശതമാനം വരെ ജൈവ ഉള്ളടക്കത്തിന്റെ പരിധി കൈവരിക്കുന്നതിന് കര്‍ഷകര്‍ക്ക് എല്ലാ രാഷ്ട്രങ്ങളും പ്രോത്സാഹനം നല്‍കണമെന്നും ഇതുവഴി ഭാവിയില്‍ ഭക്ഷ്യ, ജല പ്രതിസന്ധിയില്‍നിന്ന് രക്ഷ നേടാമെന്നും റിയാദിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

മണ്ണിനെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി മാര്‍ച്ച് 21ന് ലണ്ടനില്‍നിന്ന് ആരംഭിച്ച് 27 രാജ്യങ്ങളിലൂടെ 36,000 കിലോമീറ്റര്‍ മോട്ടോർസൈക്കിളിൽ നടത്തുന്ന സവാരിക്കിടയിലാണ് അദ്ദേഹം റിയാദിലെത്തിയത്. ലണ്ടന്‍, ആംസ്റ്റര്‍ഡാം, ബെര്‍ലിന്‍, പ്രാഗ്, വിയന്ന, വെനിസ്, പാരീസ്, ബ്രസല്‍സ്, സോഫിയ, ബുഖാറസ്റ്റ്, ഇസ്തംബൂള്‍, തിബിസി, ജോര്‍ദാന്‍, ടെല്‍അവീവ്, അബിദ്ജാന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ശേഷം കഴിഞ്ഞദിവസമാണ് റിയാദില്‍ എത്തിത്. റിയാദില്‍ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ഈസാ, സൗദി കാർഷിക - പരിസ്ഥിതി മന്ത്രി എൻജി. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍മുഹ്‌സിന്‍ അല്‍അഫദ്‌ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 

Sadhguru reaches Saudi Arabia as part of his journey to protect soil

100 ദിവസത്തെ യാത്രക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കാമ്പയിന്‍ സമാപിക്കും. ഇതിനകം വിവിധ രാജ്യങ്ങള്‍ സേവ് സോയില്‍ പ്രസ്ഥാനവുമായി ധാരണാപത്രം ഒപ്പിട്ടു. മനുഷ്യന്റെ നിലനില്‍പിന് മണ്ണ് അനിവാര്യഘടകമാണെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. പകുതിയോളം ഭാഗം മണ്ണിന്റെ ഘടകങ്ങളുള്ള മനുഷ്യശരീരവും ജീവന്‍ പോയാല്‍ മണ്ണായി മാറും. മണ്ണ് രാസവസ്തുക്കളുടെ ഒരു കൂട്ടമല്ല. അതൊരു ജീവനുള്ള വസ്തുവാണ്. മണ്ണിന്റെ ആദ്യത്തെ 12 മുതല്‍ 15 വരെ ഇഞ്ചാണ് നമ്മുടെ നിലനില്‍പിന്റെ അടിസ്ഥാനം. പതിനായിരം വര്‍ഷം മുമ്പ് സൗദി അറേബ്യയിലും വനങ്ങളുണ്ടായിരുന്നിരിക്കാം. ഇന്ന് നിങ്ങള്‍ക്കത് തിരിച്ചറിയാനാവില്ല. ലോകാടിസ്ഥാനത്തില്‍ ഓരോ സെക്കൻഡിലും ഒരു ഏക്കര്‍ മണ്ണ് മരുഭൂവത്കരിക്കപ്പെടുകയാണ്. 

കഴിഞ്ഞ 25 വര്‍ഷത്തില്‍ 10 ശതമാനം ഭൂമി തരിശാക്കപ്പെട്ടു. ഭൂമിയുടെ 52 ശതമാനം തരിശായിക്കഴിഞ്ഞു. 2032ല്‍ 350 കോടി ജനങ്ങള്‍ക്ക് ജലദൗര്‍ലഭ്യം നേരിടേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. 120 കോടി ആളുകള്‍ അഭയാര്‍ഥികളാവും. ഈ അഭയാര്‍ഥി പ്രവാഹം മനുഷ്യ സമൂഹത്തിന് വലിയ പ്രയാസങ്ങളുണ്ടാക്കിയേക്കും. പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും. ഇവരാണ് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുക. തെക്കന്‍ യൂറോപ്പിന്റെ ചില നഗരങ്ങളില്‍ ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ ദുരിതങ്ങള്‍ സഹിക്കുന്നത് ഇപ്പോള്‍ തന്നെ നമുക്ക് കാണാവുന്നതാണ്. 

Sadhguru reaches Saudi Arabia as part of his journey to protect soil

ഇന്നേവരെയുള്ള സമൂഹങ്ങളില്‍ ഏറ്റവുമധികം സൗകര്യങ്ങളുള്ള തലമുറയിലാണ് നാം ജീവിക്കുന്നത്. എയര്‍കണ്ടീഷന്‍ വരുന്നതിന് മുമ്പ് ആളുകള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിച്ചിരുന്നു. അവര്‍ക്കതില്‍ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ നമുക്കത് ആലോചിക്കാനാവില്ല. മണ്ണിന്റെ തകര്‍ച്ച തടയുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള അടിയന്തര നയപരമായ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കുന്ന പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള നേതൃത്വത്തെയാണ് ഓരോ രാജ്യത്തെയും പൗരന്മാര്‍ തെരഞ്ഞെടുക്കേണ്ടത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളായി മാറണം. ഇന്ന് എല്ലാ രാജ്യങ്ങള്‍ക്കുമുള്ള പരിസ്ഥിതി വെല്ലുവിളി മണ്ണിന്‍റെ വംശനാശമാണെന്നും അദ്ദേഹം പറഞ്ഞു.

എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്കൻഡ് സെക്രട്ടറി അസീം അന്‍വര്‍ പരിപാടി നിയന്ത്രിച്ചു. സേവ് സോയില്‍ അംഗങ്ങളുടെ നൃത്തങ്ങള്‍ കാമ്പയിന്‍റെ ഭാഗമായി അരങ്ങേറി. സൗദി ഇന്ത്യന്‍ സമൂഹപ്രതിനിധികൾ, സൗദി പൗരന്മാര്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios