യുഎഇയില്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയ കാര്‍ കത്തിയമര്‍ന്നു

By Web TeamFirst Published Dec 6, 2019, 10:34 AM IST
Highlights

ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. 

റാസല്‍ഖൈമ: നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി കത്തിയമര്‍ന്നു. റാസല്‍ഖൈമ റിംഗ് റോഡില്‍ സ്റ്റീല്‍ ബ്രിഡ്‍ജിന് സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. 

ഡ്രൈവര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി. റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന് പിന്നാലെ ട്രാഫിക് പട്രോള്‍, അഗ്നിശമനസേന, പാരമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ കാര്യമായ പരിക്കുകളൊന്നുമേല്‍ക്കാതെ ഡ്രൈവര്‍ക്ക് കാറിന് പുറത്തിറങ്ങാനായി. ഡ്രൈവര്‍ രക്ഷപെട്ടതിന് ശേഷമാണ് കാറിന് തീപിടിച്ചത്. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമന സേന പ്രദേശത്തുനിന്ന് ആളുകളെയും വാഹനങ്ങളെയും ഒഴിപ്പിച്ചു. മെഡിക്കല്‍ സംഘം ഡ്രൈവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. ബന്ധപ്പെട്ട ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കാറിന്റെ എഞ്ചിനില്‍ നിന്നാണ് തീപടര്‍ന്നതെന്നും ഇത് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.
 

click me!